പ്രശസ്ത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ദാരിയൂഷ് മെർജൂയിയെയും ഭാര്യയെയും വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഒരു അജ്ഞാത അക്രമി വീട്ടിൽ വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇറാനിയൻ ഔദ്യോഗിക വാർത്ത ഏജൻസി ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. ദാരിയൂഷ് മെർജൂയി ഭാര്യ വഹിദെ മുഹമ്മദീഫറിനെയും അവരുടെ സ്വന്തം വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 30 കിലോമീറ്റർ പടിഞ്ഞാറുള്ള പ്രാന്തപ്രദേശത്താണ് വീട്ടിലാണ് ദാരിയൂഷ് മെർജൂയിയും ഭാര്യയും താമസിച്ചിരുന്നത്.
ശനിയാഴ്ച രാത്രി കുടുംബത്തെ സന്ദർശിക്കാൻ എത്തിയ ദാരിയൂഷ് മെർജൂയിയുടെ മകൾ മോണ മെർജൂയിയാണ് ഇവർ കൊല്ലപ്പെട്ടത് ആദ്യം കണ്ടത്. ഇവരാണ് പൊലീസിനെ വിവരം അറിയിച്ചത്. തങ്ങൾക്ക് ഭീഷണിയുണ്ടെന്ന രീതിയിൽ സംവിധായകൻറെ ഭാര്യ പ്രതികരിച്ചിരുന്നു. 83 കാരനായ മെർജൂയി 1970 കളുടെ തുടക്കത്തിൽ ഇറാനിലെ നവതരംഗ സിനിമ പ്രസ്ഥാനത്തിലെ പ്രധാന വ്യക്തിയായിരുന്നു.
റിയലിസ്റ്റിക്ക് ശൈലിയിലായിരുന്നു ഇദ്ദേഹത്തിൻറെ ചിത്രങ്ങൾ എല്ലാം. നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998 ലെ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്ന് സിൽവർ ഹ്യൂഗോയും 1993 ലെ സാൻ സെബാസ്റ്റ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ സീഷെലും ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചു. 1960 കളുടെ തുടക്കത്തിൽ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെ സിനിമാ വിദ്യാർത്ഥിയായിരുന്നു ഇദ്ദേഹം.