ഇടുക്കി: ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസ് ആക്രമിച്ച കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തു. സ്വകാര്യ കരാറുകാരനായ ഗോപി എന്നറിയപ്പെടുന്ന രാജൻ, ആന്റണി, മുത്തുകുമാർ, വിജയ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് അക്രമികൾ പഞ്ചായത്ത് ഓഫീസിന് നേരെ ആക്രമണം നടത്തിയത്.
സ്വകാര്യ കരാറുകാരനായ ഗോപി രണ്ടാഴ്ച മുൻപ് നിർമിച്ച കെട്ടിടത്തിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇത് പൊളിക്കാൻ ഇന്നലെ സബ് കളക്ടർ ഉത്തരവിടുകയും ചെയ്തു. ഇതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ആക്രമണത്തില്‍ രണ്ട് ജീവനക്കാരുടെ കയ്യൊടിഞ്ഞു. ഭിന്നശേഷിക്കാരനായ സെക്രട്ടറിക്കും പരിക്കേറ്റു. പരിക്കേറ്റവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.