കേരളത്തില്‍ കൂടുതല്‍ പേരും കൃഷിചെയ്തുവരുന്ന തണ്ണിമത്തൻ ഇനമാണ് ഷുഗര്‍ ബേബി. കൃഷി ചെയ്യുവാനുള്ള എളുപ്പം മാത്രമല്ല മികച്ച രീതിയില്‍ വിളവ് തരുന്ന ഇനം കൂടിയാണ് ഇത്.
കൃഷി രീതി
മികച്ച രീതിയില്‍ സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലത്തു മാത്രമേ ഷുഗര്‍ ബേബി ഇനം കൃഷി ചെയ്യുവാൻ സാധിക്കുകയുള്ളൂ. ഏകദേശം 8 മണിക്കൂര്‍ വെയില്‍ ലഭ്യമാകുന്ന സ്ഥലം തിരഞ്ഞെടുക്കുന്നത് കൂടുതല്‍ വിളവിന് കാരണമാകും. ജൈവാംശം നിറഞ്ഞ പശിമരാശി മണ്ണാണ് ഈ കൃഷിക്ക് ഏറ്റവും അനുയോജ്യമായി കണക്കാക്കുന്നത്. മൂന്ന് മീറ്റര്‍ വരികള്‍ തമ്മിലും തടങ്ങള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലവും പാലിച്ചുമാണ് കൃഷി ചെയ്യേണ്ടത്. കൃഷിക്ക് വേണ്ടി കുഴി ഒരുക്കുമ്ബോള്‍ ഒന്നര അടി ആഴമാണ് കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു.
ഇതില്‍ കുമ്മായവും അടി വളവും ചേര്‍ത്ത് നല്ല രീതിയില്‍ ഇളക്കി 14 ദിവസം സൂര്യതാപീകരണത്തിന് വിധേയമാക്കി കൃഷി ചെയ്യാവുന്നതാണ്.ഇങ്ങനെ തയ്യാറാക്കിയ തടത്തില്‍ ഏകദേശം നാലു വിത്തുകള്‍ വരെ പാകാം. ഏകദേശം 10 ദിവസം കഴിയുമ്ബോള്‍ മുള വരും. ഇതില്‍ ആരോഗ്യമുള്ള രണ്ട് തൈകള്‍ മാത്രം നിലനിര്‍ത്തിയാല്‍ മതി. അടിവളം നല്‍കുമ്ബോള്‍ യൂറിയ, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവ നല്‍കുവാൻ മറക്കരുത്. തൈകള്‍ പടര്‍ന്ന് വളരുന്ന കാലയളവില്‍ നിലത്ത് ഓല വിരിച്ചു പടര്‍ത്തുവാൻ ശ്രമിക്കുക. ഈര്‍പ്പം നിലനിര്‍ത്തുവാനും സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷണം ഉറപ്പ് വരുത്തുവാനും തടങ്ങളില്‍ കരിയിലകള്‍ കൊണ്ട് പുതയിട്ട് നല്‍കുന്നത് നല്ലതാണ്. പുതയിട്ട് നല്‍കിയതിനുശേഷം നനച്ചു കൊടുക്കുക.
കൂടുതല്‍ പൂക്കള്‍ ഉണ്ടാകുവാനും, മികച്ച വിളവ് ലഭ്യമാക്കുവാനും യൂറിയ 25ഗ്രാം ഇവ വള്ളി വീശുന്ന സമയത്ത് മണ്ണില്‍ ചേര്‍ത്തു കൊടുക്കുന്നത് നല്ലതാണ്. കായ്കള്‍ മൂത്തു വരുന്ന സമയത്ത് അധികം നന നല്‍കരുത്. നന അധികമായാല്‍ നിരവധി രോഗങ്ങള്‍ ഉണ്ടാകും. പ്രത്യേകിച്ച് കുമിള്‍ രോഗങ്ങള്‍. കൂടാതെ കായീച്ച പോലുള്ള നീരൂറ്റി കുടിക്കുന്ന പ്രാണികളുടെ ആക്രമണവും തണ്ണി മത്തൻ കൃഷിയില്‍ തലവേദന സൃഷ്ടിക്കുന്ന കാര്യങ്ങളാണ്. ഇവയെ പ്രതിരോധിക്കാൻ വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതം പോലുള്ള ജൈവ കീടനാശിനികള്‍ ഉപയോഗപ്പെടുത്താം. വള്ളികള്‍ക്ക് ഒരു മീറ്റര്‍ നീളം വരുമ്ബോള്‍ തലപ്പ് നുള്ളി കളഞ്ഞാല്‍ മാത്രമേ ശിഖരങ്ങള്‍ മികച്ച രീതിയില്‍ വളരുകയും കായ്കള്‍ ഉണ്ടാവുകയും ചെയ്യുകയുള്ളൂ.
ഒരു വള്ളിയില്‍ പരമാവധി രണ്ട് കായ്കള്‍ നിലനിര്‍ത്തുന്നതാണ് ഉചിതം. ഒരു ചെടി നട്ടു ഏകദേശം 100 ദിവസത്തിനുള്ളില്‍ ഇതിൻറെ വിളവെടുപ്പ് സാധ്യമാകും. ഷുഗര്‍ ബേബി ബേബി ഇനം കൃഷി ചെയ്താല്‍ പരമാവധി 80 ദിവസം കൊണ്ട് വിളവെടുക്കാൻ കഴിയുന്നതാണ്. തണ്ണിമത്തൻ കൃഷിയില്‍ വള്ളി ഉണങ്ങുന്ന സമയത്താണ് വിളവെടുപ്പ് നടത്തേണ്ടത്. ഓലകള്‍ക്ക് മുകളില്‍ കാണപ്പെടുന്ന കായ്കള്‍ക്ക് ഇളം മഞ്ഞനിറം ഉണ്ടാകുമ്ബോള്‍ വിളവെടുപ്പ് നടത്താം. ഈ സമയത്ത് കായയില്‍ തട്ടി നോക്കുമ്ബോള്‍ അടഞ്ഞ ശബ്ദം കേട്ടാല്‍ വിളവെടുപ്പ് നടത്താം.