കുട്ടനെല്ലൂർ സഹകരണ തട്ടിപ്പ് കേസിൽ നടപടിയുമായി സിപിഎം. ഒല്ലൂർ ഏരിയാ സെക്രട്ടറി കെ പി പോൾ, ഡിവൈഎഫ്ഐ നേതാവ് റിക്സൺ പ്രിൻസ് എന്നിവരോട് സിപിഎം വിശദീകരണം തേടി. വ്യാഴാഴ്ച്ച ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമുണ്ടാകും.32 കോടി രൂപയുടെ തട്ടിപ്പിൽ കുട്ടനെല്ലൂർ ബാങ്കിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തട്ടിപ്പ് നടന്ന സമയത്തെ കുട്ടനെല്ലൂര്‍ ബാങ്കിന്‍റെ പ്രസിഡൻ്റായിരുന്നു റിക്സൺ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ സാന്നിധ്യത്തിൽ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിശദീകരണം തേടാൻ തീരുമാനിച്ചത്.
സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സിപിഐഎമ്മിൻ്റെ സംസ്ഥാന സമിതി ചേരും. ആഗസ്റ്റ് 31നാണ് യോഗം. ലോക്സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയ പ്രകാശ് ജാവദേക്കർ-ഇ പി ജയരാജൻ കൂടിക്കാഴ്ച യോഗം ചർച്ച ചെയ്യും. വിഷയത്തിലെ സംഘടനാ നടപടി യോഗത്തിൽ ചർച്ചയായേക്കും. പി കെ ശശിക്കെതിരെ പാലക്കാട് ജില്ലാ കമ്മിറ്റി സ്വീകരിച്ച അച്ചടക്ക നടപടിക്ക് യോഗം അംഗീകാരം നൽകും.
ഇ പി ജയരാജൻ- പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച ഇപ്പോൾ ചർച്ച ചെയ്തിട്ടില്ലെന്നും വിഷയം അടുത്ത യോഗം ചർച്ച ചെയ്യുമെന്നും കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിന് ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. അത് അടഞ്ഞ അധ്യായമല്ല, അടഞ്ഞതാണെങ്കിൽ ചർച്ച ചെയ്യുമെന്ന് പറയുമോയെന്നും വാർത്താ സമ്മേളനത്തിൽ ഒരു ചോദ്യത്തിന് ഉത്തരമായി എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.
തെറ്റു തിരുത്തൽ പ്രക്രിയ എല്ലാ യോഗങ്ങളിലെയും സ്ഥിരം അജണ്ടയാണെന്നും തെറ്റായ ഒന്നിനെയും വെച്ചു പൊറുപ്പിക്കില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.