കർണാടക കോൺഗ്രസ് പ്രവർത്തകനും കോലാർ ജില്ലയിലെ കുറുബ സംഘത്തിൻ്റെ പ്രസിഡൻ്റുമായ രവീന്ദ്രൻ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചത്. തിങ്കളാഴ്ച ബംഗളൂരുവിലെ പ്രസ് ക്ലബ്ബിൽ തത്സമയ വാർത്താസമ്മേളനത്തിനിടെയാണ് സംഭവം.
മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ഗവർണർ താവർചന്ദ് ഗെലോട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അടുത്തിടെ നൽകിയ പ്രോസിക്യൂഷൻ നോട്ടീസിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ രവീന്ദ്രൻ പെട്ടെന്ന് കസേരയിൽ നിന്ന് വീഴുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അദ്ദേഹത്തിന് ഹൃദയസ്തംഭനം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവം നടക്കുമ്പോൾ രവീന്ദ്ര മൈക്ക് മുറുകെ പിടിക്കുകയായിരുന്നു. പെട്ടെന്നാണ് അദ്ദേഹം അസ്വസ്ഥനായി സീറ്റിൽ നിന്ന് വീഴുന്നത്. കോലാർ ജില്ലയിലെ ചിന്താമണി സ്വദേശിയായ രവീന്ദ്ര ബെംഗളൂരുവിലെ ചേന്നസാന്ദ്രയിലാണ് താമസം. നഗരത്തിൽ ഒരു കോൺവെൻ്റ് സ്‌കൂൾ നടത്തിയിരുന്ന അദ്ദേഹം അടുത്തിടെ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു, അവിടെ അതിൻ്റെ പ്രചാരണ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു.