സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ പ്രവാസി ഫുട്‌ബോൾ കൂട്ടായ്മയായ ഖാലിദിയ സ്‌പോർട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന ഖാലിദിയ ഗോൾഡ് കപ്പ് ഫുട്‌ബോൾ മേളക്ക് ജനുവരി 19ന് വെള്ളിയാഴ്ച്ച തുടക്കമാവും. ദമ്മാം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷന്റെ സഹകരണത്തോടെയായിരിക്കും ഫുട്‌ബോൾ മേള അരങ്ങേറുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ക്ലബ്ബിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചു നടത്തുന്ന ഒന്നര മാസകാലം നീണ്ടുനിൽക്കുന്ന ഇലവൻസ് ഫുട്‌ബോൾ മേളയിൽ ഡിഫയിൽ രജിസ്റ്റർ ചെയ്ത 14 പ്രമുഖ ടീമുകൾ മാറ്റുരക്കും. ദമ്മാം ജുബൈൽ ഹൈവേയിലെ അൽതറജ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫുട്!ബോൾ മേളയിൽ നാട്ടിൽ നിന്നും ഒപ്പം മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ കളിക്കാർ വിവിധ ടീമുകൾക്കായി ജേഴ്‌സിയണിയുമെന്ന് സംഘാടകർ അറിയിച്ചു.
ഉദ്ഘാടന ദിവസം നടക്കുന്ന മൂന്ന് മത്സരങ്ങളിൽ ഫിനിക്‌സ് എഫ് സിയും ഖാലിദിയ സ്‌പോർട്ടിങ്ങും തമ്മിലും ഇഎംഎഫ് റാക്കയും എംയുഎഫ്‌സിയും തമ്മിലും ഇംകോയും ജുബൈൽ എഫ് സിയും തമ്മിൽ മാറ്റുരക്കും. ടൂർണമെന്റിലെ വിജയികൾക്കും മികച്ച കളിക്കാർക്കും ട്രോഫിയും പ്രൈസ് മണിയും സമ്മാനിക്കും.
ദമാമിലെ പ്രവാസി ഫുട്‌ബോൾ കൂട്ടായ്മകൾക്ക് വ്യവസ്ഥാപിതമായ ഒരു ഘടന ഉണ്ടാക്കിയെടുക്കുവാൻ ക്ലബിന്റെ രൂപീകരണ കാലം മുതൽ സാധ്യമായിട്ടുണ്ട്. ഡിഫക്ക് കീഴിൽ നിരവധി തവണ ഫുട്!ബോൾ മേളകൾ സംഘടിപ്പിക്കാനും 10 തവണ വിജയ കിരീടം നേടി ആധിപത്യം നില നിറുത്തി പോരാനും ഖാലിദിയ ക്ലബിന് കഴിഞ്ഞിട്ടുണ്ട്. ക്ലബിന് കീഴിലുള്ള കുട്ടികൾക്കായുള്ള അക്കാദമിയിൽ നൂറോളം കുട്ടികൾക്ക് പരിശീലനം നൽകി വരുന്നതോടോപ്പം കഴിഞ്ഞ കാലങ്ങളിൽ മികച്ച താരങ്ങളെ വളർത്തി കൊണ്ട് വരുവാൻ അക്കാദമിക്ക് കഴിഞ്ഞതായി സംഘാടകർ വിശദീകരിച്ചു. വാർത്താ സമ്മേളനത്തിൽ ഡിഫ പ്രസിഡന്റ് മുജീബ് കളത്തിൽ ,മുഹമ്മദ് റാഫി ടൂർണ്ണമന്റ് കമ്മറ്റി കൺവീനർ സക്കീർ പാലക്കാട് ചെയർമാൻ മൻസൂർ മങ്കട കോഡിനേറ്റർ റാസിക് വള്ളിക്കുന്ന് ജോ.കൺവീനർ സമീർ അൽ ഹൂത്ത് തുടങ്ങിയവർ പങ്കെടുത്തു.