സംസ്ഥാനത്ത് ഡിജിറ്റൽ ആർ സി ബുക്കുകൾ 2025 മാർച്ച് 1 മുതൽ ലഭ്യമാകുമെന്ന് ഗതാഗത കമ്മീഷണർ സി എച്ച് നാഗരാജു. മോട്ടോർ വാഹന വകുപ്പ് ആധുനികവത്ക്കരണത്തിന്റെ ഭാഗമായാണ് നടപടി. ആർ സി ബുക്ക് പ്രിന്റ് എടുത്ത് നൽകുന്നതിന് പകരമാണ് ഡിജിറ്റലായി നൽകുന്നത്. വാഹനം വാങ്ങി മണിക്കൂറുകൾക്കുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി പരിവാഹൻ വെബ്സൈറ്റിൽ നിന്ന് ആർ സി ബുക്ക് ഡൗൺലോഡ് ചെയ്യാൻ കഴിയും.
ഇതിനൊപ്പം എല്ലാ വാഹന ഉടമകളും ആർ സി ബുക്ക് ആധാറിൽ കൊടുത്ത മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണമെന്നും ഗതാഗത കമ്മീഷണർ നിർദ്ദേശിച്ചു. ഉടമസ്ഥാവകാശം മാറ്റൽ, ഹൈപ്പോത്തിക്കേഷൻ മാറ്റം തുടങ്ങിയ കാര്യങ്ങൾക്ക് ഇത് ഉപയോഗപ്പെടും. ഇത്തരത്തിൽ ബന്ധപ്പെടുത്തിയില്ലെങ്കിൽ ഉടമയുടെ അനുവാദം കൂടാതെ ആർക്ക് വേണമെങ്കിലും വിവരങ്ങൾ മാറ്റാൻ കഴിയും.
ആധാറിൽ കൊടുത്ത മൊബൈൽ നമ്പറുമായി ബന്ധപ്പെടുത്തിയാൽ വാഹന ഉടമയ്ക്ക് ലഭിക്കുന്ന ഒ ടി പി ഉപയോഗിച്ച് മാത്രമെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്താൻ കഴിയുകയുള്ളു. ഫെബ്രുവരി മാസത്തിനുള്ളിൽ എല്ലാ വാഹന ഉടമകളും ആർ സി ബുക്കുമായി ഫോൺ നമ്പർ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് ഗതാഗത കമ്മീഷമർ പറഞ്ഞുയ.
ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോൺ നമ്പറാണ് നൽകേണ്ടതെന്നും ഓൺലൈൻ വഴി സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ നമ്പറുകൾ അപ്ഡേറ്റ് ചെയ്യാമെന്നും ഗതാഗത കമ്മീഷണർ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ ലൈസൻസ്, ആർസി ബുക്ക് അച്ചടി നിലച്ചതിന് പിന്നാലെ നേരത്തെ തന്നെ മോട്ടോർ വാഹന വകുപ്പ് ലൈസൻസ് ഡിജിറ്റലായി സൂക്ഷിച്ചാൽ മതിയെന്ന തീരുമാനത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആർസി ബുക്കും ഓൺലൈനാക്കിയത്.