സമയ് റെയ്നയുടെ ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ എന്ന പരിപാടിയിലെ അശ്ലീല പരാമര്‍ശം വിവാദമായതിന് പിന്നാലെ പാര്‍ലമെന്റിലും ചര്‍ച്ചയാകുന്നു. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ പാര്‍ലമെന്റ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട്, ബീര്‍ബൈസെപ്സ് എന്നറിയപ്പെടുന്ന യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദിയയ്ക്ക് പാര്‍ലമെന്ററി പാനല്‍ (ഐ-ടി) നോട്ടീസ് നല്‍കിയേക്കും.
‘നിങ്ങളുടെ ജീവിതകാലം മുഴുവന്‍ നിങ്ങളുടെ മാതാപിതാക്കള്‍ എല്ലാ ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കാണണോ അതോ ഒരിക്കല്‍ അതില്‍ ചേരുകയും അത് എന്നെന്നേക്കുമായി നിര്‍ത്തുകയും ചെയ്യണോ?’ എന്നായിരുന്നു അല്ലാബാദിയ ചോദിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ അല്ലാബാദിയ ക്ഷമാപണം നടത്തിയിരുന്നു.
പ്രശസ്ത യൂട്യൂബ് ഷോയായ ഇന്ത്യാസ് ഗോട്ട് ലാറ്റന്റിലെ പരാമര്‍ശവുമായി ബന്ധപ്പെട്ട് അല്ലാബാദിയയ്ക്കും ഹാസ്യനടന്‍ സമയ് റെയ്നയ്ക്കുമെതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് നീക്കം. അല്ലാബാദിയക്ക് നോട്ടീസ് അയക്കുന്ന കാര്യം പാര്‍ലമെന്ററി കമ്മിറ്റി സജീവമായി പരിഗണിക്കുന്നുണ്ടെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷയം പരിഗണിക്കുമെന്ന് ബിജെഡി എംപി സസ്മിത് പത്രയും ശിവസേന (എംപി) പ്രിയങ്ക ചതുര്‍വേദിയും അറിയിച്ചു.
‘ഇത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. ഇത്തരം നിന്ദ്യമായ പരാമര്‍ശങ്ങള്‍ക്ക് കര്‍ശനമായ മാര്‍ഗനിര്‍ദ്ദേശങ്ങളും കര്‍ശന നടപടികളും വേണം. ഇത്തരം യൂട്യൂബേഴ്‌സിനെ പിന്തുടരുന്ന നിരവധി പേരുണ്ട്,’ സസ്മിത് പത്ര പറഞ്ഞു. കോമഡിയുടെ പേരിലുള്ള ഇത്തരം ‘അധിക്ഷേപകരമായ ഭാഷ’ അംഗീകരിക്കാനാവില്ലെന്ന് പ്രിയങ്ക ചതുര്‍വേദിയും പറഞ്ഞു.
‘കോമഡി ഉള്ളടക്കത്തിന്റെ പേരില്‍ ഒരു അധിക്ഷേപ ഭാഷയും സ്വീകാര്യമല്ല. നിങ്ങള്‍ക്ക് ഒരു പ്ലാറ്റ്‌ഫോം ലഭിക്കും, അതിനര്‍ത്ഥം നിങ്ങള്‍ എന്തും പറയാം എന്നല്ല. ദശലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ഒരാളാണ് അദ്ദേഹം. എല്ലാ രാഷ്ട്രീയക്കാരും അദ്ദേഹത്തിന്റെ പോഡ്കാസ്റ്റില്‍ ഇരുന്നു. പ്രധാനമന്ത്രി അദ്ദേഹത്തിന് അവാര്‍ഡും നല്‍കി,’ പ്രിയങ്ക ചതുര്‍വേദി കൂട്ടിച്ചേര്‍ത്തു.
ഇന്‍സ്റ്റാഗ്രാമില്‍ 4.5 മില്യണ്‍ ഫോളോവേഴ്സും 1.05 കോടി യൂട്യൂബ് സബ്സ്‌ക്രൈബര്‍മാരുമുള്ള അലാബാദിയയെ കഴിഞ്ഞ വര്‍ഷത്തെ ആദ്യ ദേശീയ ക്രിയേറ്റേഴ്സ് അവാര്‍ഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിച്ചിരുന്നു. ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എപ്പിസോഡിനിടെ മാതാപിതാക്കളെയും ലൈംഗികതയെയും കുറിച്ചുള്ള ആക്ഷേപകരമായ പരാമര്‍ശങ്ങളാണ് അലാബാദിയയെ വിവാദത്തിലേക്ക് വലിച്ചിഴച്ചത്.
അതിനിടെ അലാബാദിയയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അസം പൊലീസ് ആണ് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ സമയ് റെയ്‌ന, രണ്‍വീര്‍ അല്ലാബാദിയ, അപൂര്‍വ മഖിജ, ആശിഷ് ചഞ്ചലനി, ജപ്രീത് സിങ് എന്നിവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വിവാദ എപ്പിസോഡിന്റെ വീഡിയോ ഇതിനകം തന്നെ യൂട്യൂബ് നീക്കം ചെയ്തിട്ടുണ്ട്.