സൗദി അറേബ്യയിലെ കിയോസ്‌കുകള്‍, പലചരക്ക് കടകള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തുന്നു. സൗദി മുനിസിപ്പാലിറ്റി ആന്‍ഡ് ഹൗസിംഗ് മന്ത്രാലയം ആണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. കരട് അന്തിമ രൂപത്തിലാക്കുന്നതിന് മുമ്പ് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ തേടിക്കൊണ്ട് പൊതു സര്‍വേ പ്ലാറ്റ്ഫോമായ ഇസ്തിത്ലായില്‍ മന്ത്രാലയം പ്രസിദ്ധീകരിച്ച കരട് നിര്‍ദ്ദേശങ്ങളില്‍ ഒന്നാണിത്.
പുകയില ഉല്‍പന്നങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട് നിരവധി നിയന്ത്രണങ്ങള്‍ കരട് ചട്ടങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതനുസരിച്ച് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് സ്പെസിഫിക്കേഷനുകള്‍ പാലിച്ചായിരിക്കണം പുകയില ഉല്‍പന്നങ്ങളുടെ വില്‍പ്പന. പുകയില ഉല്‍പന്നങ്ങള്‍ വാണിജ്യ സ്ഥാപനത്തിലെ സന്ദര്‍ശകര്‍ക്ക് 100 ശതമാനം അദൃശ്യമായിരിക്കണം എന്നും അടച്ച ഡ്രോയറുകളില്‍ സൂക്ഷിക്കണം എന്നും നിര്‍ദേശത്തിലുണ്ട്.
18 വയസിന് താഴെയുള്ള ആര്‍ക്കും പുകയില വില്‍ക്കരുത്. സംശയം തോന്നിയാല്‍ ഉപഭോക്താവ് പുകയില വാങ്ങുന്നയാളുടെ പ്രായം ചോദിക്കണം എന്നും കരട് നിയമത്തിലുണ്ട്. ക്യാഷ് കൗണ്ടറിന് മുകളില്‍ ഒരു മുന്നറിയിപ്പ് അടയാളം സ്ഥാപിക്കുകയും അത് വ്യക്തമായി കാണുകയും വേണം. അതില്‍ പുകവലിയുടെ ദോഷങ്ങളെക്കുറിച്ചുള്ള പ്രകടമായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം.
‘പുകവലി, പുകയില ഉല്‍പന്നങ്ങള്‍ രോഗങ്ങള്‍ക്കും വായ, ശ്വാസകോശം, ഹൃദയം, ധമനികള്‍ എന്നിവയുടെ അര്‍ബുദത്തിനും ഒരു പ്രധാന കാരണമാണ്’ എന്ന മുന്നറിയിപ്പ് വാക്യവും ഉണ്ടായിരിക്കണം. പുകവലി വിരുദ്ധ നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ള പ്രായത്തില്‍ താഴെയുള്ള ആര്‍ക്കും പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ല എന്ന മുന്നറിയിപ്പും പ്രദര്‍ശിപ്പിക്കണം. പുകയില ഉല്‍പന്നങ്ങളുടെ പരസ്യം നിരോധിക്കുന്നതിനുമുള്ള നിര്‍ദേശവും കരട് ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കുള്ള നിര്‍ദേശങ്ങളും കരടിലുണ്ട്. റഫ്രിജറേറ്ററുകളിലോ ഷെല്‍ഫുകളിലോ ആയിരിക്കണം എനര്‍ജി ഡ്രിങ്കുകള്‍ സൂക്ഷിക്കേണ്ടത്. അവ മറ്റ് പാനീയങ്ങളില്‍ നിന്നും ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ നിന്നും വേര്‍തിരിക്കേണ്ടതാണ്. കൂടാതെ റഫ്രിജറേറ്ററിലോ എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കുന്ന ഷെല്‍ഫുകളിലോ ഒരു അടയാളം സ്ഥാപിക്കുകയും പാക്കേജില്‍ അടങ്ങിയിരിക്കുന്ന മുന്നറിയിപ്പ് വാചകം അതില്‍ എഴുതുകയും വേണം.
16 വയസിന് താഴെയുള്ളവര്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കുന്നില്ലെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡ് സ്ഥാപിക്കണം. നിലവിലുള്ള കെട്ടിടത്തിന്റെ ഭാഗമായ ബില്‍ഡിംഗ് പെര്‍മിറ്റില്‍ അംഗീകരിച്ച പാര്‍ക്കിംഗ് സ്ഥലങ്ങള്‍ അടയ്ക്കുന്നത് തടയുക, കടകള്‍, സൗകര്യങ്ങള്‍, പൊതു പാര്‍ക്കിംഗ് സ്ഥലങ്ങള്‍ എന്നിവയ്ക്ക് മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തടയുന്നതിനുള്ള മുന്നറിയിപ്പ് അടയാളങ്ങളോ മറ്റ് മാര്‍ഗങ്ങളോ സ്ഥാപിക്കുന്നത് തടയുക എന്നിവയാണ് പലചരക്ക് കടകള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കുമുള്ള ആവശ്യകതകള്‍.
ഏതെങ്കിലും തരത്തിലുള്ള ചരക്കുകളും ഉല്‍പ്പന്നങ്ങളും തറയില്‍ വെക്കാന്‍ പാടില്ല. താഴത്തെ ഷെല്‍ഫുകള്‍ നിലത്തു നിന്ന് കുറഞ്ഞത് 15 സെന്റീമീറ്റര്‍ ഉയരത്തിലായിരിക്കണം. ഹോം ഡെലിവറി സേവനം നല്‍കുന്നവര്‍ ചട്ടങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി ആവശ്യമായ പെര്‍മിറ്റുകള്‍ നേടിയിരിക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാ തൊഴിലാളികളും നല്ല ആരോഗ്യമുള്ളവരായിരിക്കണം.