ദില്ലി: കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് പാർട്ടിയില്‍ നിന്നും വീണ്ടും കൊഴിഞ്ഞു പോക്ക്. മുതിർന്ന പാർട്ടി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബലാണ് അവസാനമായി കോണ്‍ഗ്രസ് പാളയത്തോട് വിട പറഞ്ഞത്. അഖിലേഷ് യാദവ് നയിക്കുന്ന സമാജ്‌വാദി പാർട്ടിയിൽ ചേർന്ന അദ്ദേഹം ഈ മാസം അവസാനം നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എസ്പി ടിക്കറ്റില്‍ ഉത്തർപ്രദേശില്‍ നിന്ന് മത്സരിക്കുകയും ചെയ്യും.
ത്തർപ്രദേശിലെ പാർട്ടി ആസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിൽ കപിൽ സിബൽ സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. മുതിർന്ന അഭിഭാഷകൻ എന്ന നിലയിൽ യാദവ് കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് കപില്‍ സിബല്‍. 2017 ജനുവരിയിൽ ശിവപാല്‍ യാദവുമായി കുടുംബ വഴക്ക് രൂപപ്പെട്ടപ്പോള്‍ അഖിലേഷ് യാദവിന് ‘സൈക്കിൾ’ ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനിലടക്കം വാദിച്ചത് കപില്‍ സിബലായിരുന്നു.