കൊച്ചിയിലേക്ക് വരാൻ പേടിയാണെന്ന് സാന്ദ്ര തോമസ്

0
73

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് കത്തിയ സംഭവത്തിൽ  പ്രതികരണവുമായി നടിയും നിർമ്മാതാവുമായി സാന്ദ്രാ തോമസ്. സംഭവത്തിൽ ഉത്തരവാദിത്തപ്പെട്ടവർ ഇടപെട്ടത് വളരെ മോശമായിട്ടാണെന്ന് സാന്ദ്രാ തോമസ് പറഞ്ഞു. കൊച്ചിയിൽ നിൽക്കാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ടാണ് അവിടെ നിന്നും മാറിയിരിക്കുന്നത്. മാരകമായ സാഹചര്യമാണ് കൊച്ചിയിലുള്ളതെന്നും സാന്ദ്ര തോമസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് സാന്ദ്രയുടെ പ്രതികരണം.

സാന്ദ്രയുടെ വാക്കുകൾ ഇങ്ങനെ: ‘ബ്രഹ്‌മപുരം കത്തി എന്ന് അറിഞ്ഞ് അവിടെ നിന്ന് പോന്നെങ്കിലും കുട്ടികൾ ഇപ്പോഴും അത് അനുഭവിക്കുകയാണ്. ചുമയും തലവേദനയും മൂക്കൊലിപ്പും അങ്ങനെ അതിന്റേതായ എല്ലാ പ്രത്യാഘാതങ്ങളും ഞാനും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയും കൊച്ചിയിൽ നിൽക്കാൻ സാധിക്കാത്ത സാഹചര്യമായത് കൊണ്ടാണ് അവിടെ നിന്നും മാറിയത്. എന്നാൽ എവിടെയും പോകാനാകാത്ത ഒരുപാട് കുടുംബങ്ങളുണ്ട്, അമ്മമാരുണ്ട്.

കുട്ടികളാണ് ഇതിന്റെ ദൂഷ്യ ഫലങ്ങൾ വളരെ അധികം അനുഭവിക്കുന്നത്. അതിനൊപ്പം പരീക്ഷയും. പരീക്ഷ എങ്ങനെ കുട്ടികൾ എഴുതും എന്നാണ് സർക്കാർ വിചാരിക്കുന്നത്. മന്ത്രിമാരെന്നല്ല, രാഷ്ട്രീയ പ്രവർത്തകരെന്നല്ല, സിനിമ താരങ്ങൾ എല്ലാം വളരെ മോശമായിട്ടാണ് ഇതിൽ ഇടപെട്ടിരിക്കുന്നത്. കൊച്ചിയിൽ അസ്വഭാവിക സാഹചര്യം ഇല്ല എന്നാണ് എല്ലാവരും പറഞ്ഞു കൊണ്ടിരുന്നത്. മേയറും ഉദ്യോഗസ്ഥരും അടക്കമുള്ള ഉത്തരവാദിപ്പെട്ടവരുടേതെല്ലാം ഒരു പ്രതിരോധ പറച്ചിലുകളായിരുന്നു.

അവിടെ ജീവിക്കുന്ന ആളുകൾക്ക് അറിയാം എന്താണ് സംഭവിക്കുന്നതെന്ന്. ഇത്രയും മാരകമായ ഒരു സാഹചര്യം എങ്ങനെ മറികടക്കുമെന്നാണ് ഉദ്യോഗസ്ഥർ എല്ലാം പറയുന്നത്. കൊച്ചിയിലേക്ക് വരാൻ എനിക്ക് പേടിയാണ്. ബ്രഹ്‌മപുരം കത്തി മൂന്നാമത്തെ ദിവസമാണ് നിയമസഭ നടക്കുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്തെങ്കിലും പറയും എന്ന് ഞാൻ പ്രതീക്ഷിച്ചു. ഒരക്ഷരം മിണ്ടിയില്ല എന്നതാണ് വേദനാജനകമായ ഒരു കാര്യം’ സാന്ദ്ര തോമസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here