മലപ്പുറം: കേരളത്തിലെ ആദ്യ പ്ലാസ്മ ബാങ്ക് പ്രവര്‍ത്തിക്കുന്ന മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇന്നലെ (ജൂലൈ 17) പ്ലാസ്മ നല്‍കാന്‍ എത്തിയത് 22 കോവിഡ് വിമുക്തര്‍. ഇതുവരെ അന്‍പതിലധികം രോഗവിമുക്തരാണ് പ്ലാസ്മ നല്‍കിയത്. ഇനിയും ഇരുനൂറോളം പേര്‍ പ്ലാസ്മ നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അത്യാസന്ന നിലയിലുള്ള കോവിഡ് രോഗിക്ക് കഴിഞ്ഞ ദിവസം ഇവിടെ നിന്ന് പ്ലാസ്മ എത്തിച്ച് നല്‍കിയിരുന്നു.
കോവിഡ് 19 പടരുന്ന സാഹചര്യത്തെ ഫലപ്രദമായി നേരിടാനാണ് ആരോഗ്യവകുപ്പിന്റെ മുന്നൊരുക്കം. കോവിഡ് രോഗാണുവിനെതിരായ ആന്റിബോഡി കോവിഡ് വിമുക്തരുടെ പ്ലാസ്മയില്‍ നിന്ന് ലഭ്യമാവും. കോവിഡ് ഭേദമായി 14 ദിവസം മുതല്‍ നാല് മാസം വരെയുള്ള കാലയളവിലാണ് ഒരു വ്യക്തിയില്‍ നിന്ന് പ്ലാസ്മ ശേഖരിക്കുന്നത്. ഇത് ഒരു വര്‍ഷം വരെ സൂക്ഷിച്ച് വയ്ക്കാന്‍ സാധിക്കും. പതിനെട്ടിനും അമ്പതിനും ഇടയില്‍ പ്രായമുള്ള 55 കിലോയിലധികം ഭാരമുള്ള കോവിഡ് വിമുക്തരില്‍ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്.