യുക്തിവാദി സംഘം നേതാവായിരുന്ന യു. കലാനാഥൻ അന്തരിച്ചു.

0
61

കോഴിക്കോട്: യുക്തിവാദി സംഘം മുൻ ജനറൽ സെക്രട്ടറി യു കലാനാഥൻ അന്തരിച്ചു. 84 വയസായിരുന്നു. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മരണാനന്തരം ശരീരവും കണ്ണും കോഴിക്കോട് മെഡിക്കൽ കോളേജിന് ദാനം ചെയ്യാൻ എഴുതിവെച്ചതിനാൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് ദാനം ചെയ്യും.

മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് വില്ലേജിൽ ഉള്ളിശ്ശേരി തെയ്യൻ വൈദ്യരുടെയും യു കോച്ചി അമ്മയുടെയും മകനായി 1940 ലായിരുന്നു ജനനം. വള്ളിക്കുന്ന് നേറ്റീവ് എയുപി സ്കൂൾ, ഫറോക്ക് ഗവൺമെന്റ് ഗണപത് ഹൈസ്കൂൾ, ഫാറൂഖ് കോളേജ്, ഫാറൂഖ് ബി എഡ് ട്രെയിനിങ് കോളേജ് എന്നിവടങ്ങളിൽ നിന്നായി വിദ്യാഭ്യാസം നേടി. കേരള സ്റ്റുഡന്റ്സ് ഫെഡറേഷൻ പ്രവര്‍ത്തകനായാണ് തുടക്കം. ഗണപത് ഹൈസ്കൂൾ ലീഡറായിരുുന്നു.

1960 മുതൽ സിപിഐ, സിപിഎം പ്രസ്ഥാനങ്ങളോടൊപ്പം പ്രവര്‍ത്തിച്ചു. 1970 മുതൽ 1984 വരെ സിപിഎം വള്ളിക്കുന്ന് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ലാ ഓർഗനൈസിങ് സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ റാഷണലിസ്റ്റ് അസോസിയേഷൻ ദേശീയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1979 മുതൽ 1984 വരെയും 1995 മുതൽ 2000 വരെയും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2000 മുതൽ 2005 വരെ പഞ്ചായത്ത് അംഗവുമായിരുന്നു. 1965 ൽ മുതൽ ചാലിയം ഉമ്പിച്ചി ഹാജി ഹൈസ്കൂളിലെ ശാസ്ത്രാധ്യാപകനായി.

ആത്മാവ് സങ്കൽപമോ യാഥാർത്ഥ്യമോ? ജ്യോത്സ്യം ശാസ്ത്രമോ ശാസ്ത്രാഭാസമോ? മതം സാമൂഹ്യ പുരോഗതിയുടെ ശത്രു, ഇസ്ലാം മതവും യുക്തിവാദവും, ജീവ പരിണാമം, മതനിരപേക്ഷതയും ഏക സിവിൽകോഡും എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. കോവൂർ ട്രസ്റ്റ് പ്രസിദ്ധീകരിച്ച യുക്തിദർശനത്തിന്റെയും യുക്തിരേഖയുടെയും ചീഫ് എഡിറ്ററായിരുന്നു. 1995ൽ അധ്യാപക ജോലിയിൽ നിന്ന് സ്വയം വിരമിച്ചു. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം കണ്ണൂർ പെരളശ്ശേരി സ്വദേശിയായ എം കെ ശോഭനയെ ജീവിത പങ്കാളിയാക്കി. മകൻ: ഷമീർ.

മുഖ്യമന്ത്രി അനുശോചിച്ചു

യുക്തിവാദി സംഘം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി യു കലാനാഥൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

യുക്തിവാദി പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവായിരുന്നു കലാനാഥൻ. മികച്ച അധ്യാപകൻ എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും പ്രാഗത്ഭ്യം തെളിയിച്ചു. സമൂഹത്തിൻ്റെ മനോഘടനയിൽ പുരോഗമനപരമായ മാറ്റങ്ങൾ വരുത്തുന്നതിന് കാര്യമായ സംഭാവന നൽകിയ സാമൂഹ്യ പ്രവർത്തകനാണ് കലാനാഥൻ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here