എന്‍ഡിഎയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങി ബിജു ജനതാദള്‍. 15 വര്‍ഷത്തിന് ശേഷമാണ് ബിജെഡി തിരിച്ചുവരാന്‍ പോകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഈ സഖ്യം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് അടക്കമുള്ളവരുമായി ബിജെപി നേതൃത്വം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ബിജെപിയും ബിജു ജനതാദളും മുമ്പ് ഒഡീഷയില്‍ അടക്കം സഖ്യകക്ഷികളായിരുന്നു.
എന്നാല്‍ 2009ല്‍ ബിജെപിയുമായുള്ള സഖ്യം പട്‌നായിക്ക് ഉപേക്ഷിച്ചിരുന്നു. അതിന് ശേഷം ബിജെപിയുമായി പിന്നീടൊരിക്കലും പട്‌നായിക്ക് സഖ്യം ചേര്‍ന്നിട്ടില്ല. ഒഡീഷയിലെ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ പട്‌നായിക്ക്-ബിജെപി സഖ്യത്തിന് വലിയ പങ്കുണ്ടായിരുന്നു. 1998 മുതല്‍ 2009 വരെ ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്ത്തിലായിരുന്നു.
ബിജെഡിയുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. വൈകാതെ തന്നെ എന്‍ഡിഎയിലേക്ക് അവര്‍ വരും. ഇതിന്റെ ഔേദ്യാഗിക പ്രഖ്യാപനം ഉടനുണ്ടാവും. സഖ്യമില്ലെങ്കിലും ബിജെപിയെ രാജ്യസഭയില്‍ നിര്‍ണായക ബില്ലുകള്‍ പലതും പാസാക്കാന്‍ സഹായിച്ചത് ബിജെഡിയാണ്. അതുകൊണ്ട് നവീന്‍ പട്‌നായിക്കിന് ബിജെപി കേന്ദ്ര നേതൃത്വവുമായി സൗഹൃദബന്ധമാണ് ഉള്ളത്. ഒഡീഷയില്‍ 21 ലോക്‌സഭാ സീറ്റുകളുണ്ട്.
അതുപോലെ 147 നിയമസഭാ മണ്ഡലങ്ങളുമുണ്ട്. ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമായ സംസ്ഥാനമാണിത്. എന്നാല്‍ ഇതുവരെ പട്‌നായിക്കിനെ വീഴ്ത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. 2019ല്‍ ബിജെഡി 12 ലോക്‌സഭാ സീറ്റും ബിജെപി 8 സീറ്റുമാണ് സംസ്ഥാനത്ത് നേടിയത്. അതേസമയം ബിജെപി നിയമസഭയില്‍ പരിതാപകരമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്.
23 സീറ്റിലാണ് ആകെ വിജയിച്ചത്. എന്നാല്‍ 112 സീറ്റില്‍ വിജയിച്ച് ബിജെഡി അധികാരം നിലനിര്‍ത്തുകയായിരുന്നു. നിലവില്‍ നിയമസഭയില്‍ കാര്യമായ പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയാണ്. ഒഡീഷയില്‍ എന്തുകൊണ്ടും ശക്തമായ നിലയിലാണ് ബിജെപി. എന്നാല്‍ സംസ്ഥാനത്തെ 14 ലോക്‌സഭാ സീറ്റുകളാണ് സഖ്യ പ്രകാരം ബിജെഡി ആവശ്യപ്പെടുന്നത്.
ബുധനാഴ്ച്ച നവീന്‍ പട്‌നായിക്ക് ബിജെഡി നേതാക്കളുമായി സ്വന്തം വസതിയില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സഖ്യത്തെ കുറിച്ചാണ് ചര്‍ച്ചകള്‍ നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പും വരുന്നത് കൊണ്ട് അക്കാര്യവും ബിജെഡി പരിശോധിക്കുന്നുണ്ട്.
ഒഡീഷയില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ട സഖ്യ കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തി. നേരത്തെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അശ്വിനി വൈഷ്ണവിനെ ബിജെഡി പിന്തുണച്ചിരുന്നു. ഇതോടെ സഖ്യ സാധ്യതകള്‍ ശക്തമായത്.
എന്‍ഡിഎ ശക്തിപ്പെടുത്താനും, രാജ്യസഭയില്‍ അടക്കം വെല്ലുവിളി ഇല്ലാതാക്കാനും ഇതിലൂടെ ബിജെപിക്ക് സാധിക്കും. അതുപോലെ ഒഡീഷയില്‍ തുടര്‍ച്ചയായി ആറാം തവണ അധികാരത്തിലെത്താനും ബിജെഡിക്ക് സാധിക്കും. നേരത്തെ സംസ്ഥാന സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തെ പ്രകീര്‍ത്തിച്ചിരുന്നു.