ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ആദ്യം ബാറ്റു ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യ ദേവ്ദത്ത് പടിക്കലിന് അരങ്ങേറ്റത്തിന് അവസരം നല്‍കി. കര്‍ണാടകക്കാരനായ താരം രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. ദേവ്ദത്ത് എത്തിയപ്പോള്‍ രജത് പാട്ടീധാര്‍ പ്ലേയിങ് 11ന് പുറത്തായി
ആദ്യ മത്സരം ജയിച്ച് ഇംഗ്ലണ്ട് ഇന്ത്യയെ ഞെട്ടിച്ചപ്പോള്‍ തുടര്‍ന്നുള്ള മൂന്ന് മത്സരങ്ങളും ജയിച്ച് ആതിഥേയരായ ഇന്ത്യ പരമ്പര നേടിയിരുന്നു. അഞ്ചാം മത്സരവും ജയിച്ച് ഇംഗ്ലണ്ടിനെ നാണംകെടുത്തി നാട്ടിലേക്ക് മടക്കാനാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്. എന്നാല്‍ ആദ്യ മത്സരത്തിലെ ജയം ആവര്‍ത്തിക്കാമെന്നതാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ.
ഇന്ത്യ യുവതാരങ്ങളുടെ മികവില്‍ പ്രതീക്ഷവെച്ചാണ് ഇറങ്ങുന്നത്. യശ്വസി ജയ്‌സ്വാള്‍ 655 റണ്‍സോടെ റെക്കോഡ് പ്രകടനമാണ് ഇത്തവണത്തെ ടെസ്റ്റ് പരമ്പരയില്‍ കാഴ്ചവെച്ചിരിക്കുന്നത്. സുനില്‍ ഗവാസ്‌ക്കറിന്റെ ചരിത്ര റെക്കോഡ് തകര്‍ക്കാന്‍ ജയ്‌സ്വാളിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ദ്രുവ് ജുറേല്‍, സര്‍ഫറാസ് ഖാന്‍ എന്നിവരുടെ പ്രകടനത്തിലും ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. നായകനെന്ന നിലയില്‍ രോഹിത്തില്‍ നിന്നും വലിയ പ്രകടനം പ്രതീക്ഷിക്കുന്നു.
ആര്‍ അശ്വിന്റെ 100ാം ടെസ്റ്റില്‍ ജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ സ്വപ്‌നം കാണുന്നില്ല. ഇംഗ്ലണ്ടിനെ സംബന്ധിച്ച് അഭിമാനത്തോടെ മടങ്ങാന്‍ അഞ്ചാം ടെസ്റ്റ് ജയിക്കേണ്ടതായുണ്ട്. പ്രധാന താരങ്ങള്‍ ഫോമിലേക്കെത്താത്തതാണ് ഇംഗ്ലണ്ടിന്റെ പ്രശ്‌നം. ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ് എന്നീ സീനിയര്‍ താരങ്ങള്‍ ബാറ്റിങ്ങില്‍ തിളങ്ങിയാല്‍ ഇംഗ്ലണ്ടിനത് വലിയ കരുത്താവും. ജെയിംസ് ആന്‍ഡേഴ്‌സന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി 700 വിക്കറ്റ് ക്ലബ്ബില്‍ ഇടം നേടാന്‍ തയ്യാറെടുക്കുകയാണ്.
എന്തായാലും ഇംഗ്ലണ്ട് ശക്തമായ ചെറുത്തുനില്‍പ്പുതന്നെ കാഴ്ചവെച്ചേക്കും. അതുകൊണ്ടുതന്നെ അഞ്ചാം ടെസ്റ്റില്‍ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്.
പ്ലേയിങ് 11: ഇംഗ്ലണ്ട്- സാക്ക് ക്രോളി, ബെന്‍ ഡക്കെറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ് (c), ബെന്‍ ഫോക്‌സ്, ടോം ഹാര്‍ട്ട്‌ലി, മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍, ഷൊയ്ബ് ബഷീര്‍
ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, ദേവ്ദത്ത് പടിക്കല്‍, രവീന്ദ്ര ജഡേജ, സര്‍ഫറാസ് ഖാന്‍, ദ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ