തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐ അന്വേഷണം തടയാന്‍ നിയമനിര്‍മാണം നടത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സിബിഐ അന്വേഷണത്തിനു തടയിടാന്‍ ഓര്‍ഡിനന്‍സ് തയാറായി വരികയാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കോണ്‍ഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ സമാനമായ നിയമങ്ങളുണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഇങ്ങനെയൊരു ആലോചന ഇതുവരെ നടത്തിയിട്ടില്ല.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടുന്നതിനു കൂടുതല്‍ ഫലപ്രദമായ നിയമം വേണ്ടിവരുമെന്ന ഒരു ആലോചന മാത്രമാണു സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്.
ലൈഫ് മിഷന് സിഇഒ യു.വി. ജോസിനെ ചോദ്യം ചെയ്യാനായി സിബിഐ വിളിപ്പിച്ച കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ സിബിഐ അവരുടെ പണി ചെയ്യട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ഐഎംഎയുടെ ആവശ്യത്തില്‍, ഇപ്പോള്‍ അടിയന്തരാവസ്ഥയേക്കുറിച്ചു ചിന്തിക്കുന്നില്ലെന്നായിരുന്നു മറുപടി. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. അടിയന്തരാവസ്ഥ എന്നതു കൊണ്ട് അവര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.