കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് ഉദ്യോഗസ്ഥരുടെ ഒത്താശ; തെളിവുകൾ ശേഖരിച്ച് പൊലീസ്.

0
45

കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശ. സിഐഎസ്എഫിലെയും കസ്റ്റംസിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വർണ്ണക്കടത്ത് നടന്നതായി പൊലീസിന് തെളിവ് ലഭിച്ചു. സംഘം കരിപ്പൂർ വഴി 60 പ്രാവശ്യം സ്വർണം കണ്ടെത്തിയെന്നാണ് കണ്ടെത്തൽ.

മലപ്പുറം എസ്.പി എസ് സുജിത് ദാസിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് തെളിവുകൾ ലഭിച്ചത്. കഴിഞ്ഞ ദിവസം പിടിയിലായ സ്വർണ്ണക്കടത്തുകാരിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂൾ പൊലീസ് കണ്ടെത്തിയിരുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശി റഫീഖിന് വേണ്ടിയാണ് സംഘം സ്വർണം കടത്തിയതെന്നും പൊലീസ്.

വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരൻ ഷറഫലി, സ്വർണം ഏറ്റുവാങ്ങാനെത്തിയ കൊണ്ടോട്ടി സ്വദേശി ഫൈസൽ എന്നിവരിൽ നിന്നാണ് നിർണായക വിവരം പൊലീസിന് ലഭിച്ചത്. റഫീഖുമായി ഉദ്യോഗസ്ഥർ നടത്തിയ ഒട്ടേറെ ഇടപാടുകളുടെ തെളിവ് പൊലീസിന് കിട്ടി. കൂടാതെ ഉദ്യാഗസ്ഥർക്കും കടത്തുകാർക്കുമായി സിയുജി മൊബൈൽ സിമ്മുകളും കണ്ടെത്തി.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്ന യാത്രക്കാരിൽ നിന്ന് വിമാനത്താവളത്തിന് പുറത്ത് സ്വർണം പിടികൂടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇതേതുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കരിപ്പൂരിലെ സ്വർണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ പങ്കുണ്ടെന്ന വിവരം ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here