ബിജെപി വിടേണ്ട സാഹചര്യം തനിക്കില്ലെന്ന് നടനും ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ കൃഷ്ണകുമാർ. താൻ ആദർശം കൊണ്ടാണ് ബിജെപിയിൽ ചേർന്നത്. പാർട്ടിയിൽ നിന്നും പുറത്താക്കിയാലും മോശം പറയില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. ന്യൂസ് 18 ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കൃഷ്ണ കുമാറിന്റെ പ്രതികരണം. പാർട്ടിയിൽ ആരുമായും വ്യക്തിപരമായ പ്രശ്‌നങ്ങൾ ഒന്നും തനിക്കില്ലെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.
‘ബിജെപി വിടേണ്ട ഒരു സാഹചര്യവും എനിക്കില്ല. 2021ലാണ് ഞാൻ ബിജെപിയിൽ ചേരുന്നത്. അടിസ്ഥാനപരമായി മൂന്ന് കാരണങ്ങൾ കൊണ്ടാണ് പാർട്ടിയിലേക്ക് വരുന്നത്. ഒന്ന്, ആവശ്യങ്ങളുമായി പലരും വരും, ആവശ്യങ്ങൾ നടക്കാതെ വരുമ്പോൾ അവർ പാർട്ടി വിടും. രണ്ട് ആവേശം കൊണ്ട് പാർട്ടിയിലേക്ക് വരും, അവരുദ്ദേശിച്ച ആവേശം കാണാതാകുമ്പോൾ പാർട്ടി വിടും. മൂന്ന് ആദർശം കൊണ്ട് പാർട്ടിയിൽ ചേരും, അവർക്ക് പാർട്ടിയിൽ നിന്ന് പ്രശ്‌നം നേരിട്ടാലോ പാർട്ടിയുമായി പ്രശ്‌നങ്ങളുണ്ടായാലോ പാർട്ടിയിൽ നിന്ന് പോകാനാകില്ല.
ഞാൻ 1988 മുതൽ സംഘത്തിന്റെ ഭാഗമാണ്. അന്ന് തൊട്ടേ വിശ്വസിക്കുന്ന ആദർശമാണ്. ഇനി പാർട്ടിയ്ക്ക് വേണ്ടന്ന് പറഞ്ഞ് പുറത്താക്കിയാൽ ഞാൻ നേരെ വീട്ടിലേക്ക് പോകും. അപ്പോഴും പാർട്ടിയെ പറ്റി മോശം പറയില്ല. വ്യക്തികളുമായുള്ള പ്രശ്‌നങ്ങൾ പാർട്ടിയുടെ പ്രശ്‌നങ്ങളല്ല. ഇതൊക്കെ കാലങ്ങൾകൊണ്ട് മാറിവരും. എനിക്ക് വ്യക്തി പ്രശ്‌നങ്ങൾ ഒന്നുമില്ല. ഈ അടുത്ത് പരിപാടിയിൽ കസേര കിട്ടിയില്ലെന്ന് ഞാൻ പരാതിപ്പെട്ടതായി വാർത്തകൾ കേട്ടു. ഞാൻ എവിടേയെങ്കിലും അങ്ങനെ പരാതി പറഞ്ഞതായി ആർക്കെങ്കിലും ചൂണ്ടിക്കാട്ടാൻ കഴിയുമോ.
സോഷ്യൽ മീഡിയയിൽ പലതും എഴുതി വരും. അതിൽ 80 ശതമാനവും ഫേക്കാണ്. തന്തയില്ലാതെ ജനിക്കുന്ന വാർത്തകളാണ്. അങ്ങനെ വരുത്ത വാർത്തകൾ അന്ധമായി വിശ്വസിക്കാതിരിക്കുക. എനിക്ക് പാർട്ടി വിട്ട് പോകേണ്ട ഒരു സാഹചര്യവും എന്റെ മുന്നിലില്ല’ കൃഷ്ണകുമാർ വ്യക്തമാക്കി.