പുത്തിഗെ: കോഴികളും കൂടും ലഭിച്ചപ്പോൾ ഏറെ സന്തോഷത്തിലായിരുന്നു പുത്തിഗെ പഞ്ചായത്തിലെ വീട്ടമ്മമാർ. എന്നാൽ, തീറ്റയും വെള്ളവും നൽകി പോറ്റിയ കോഴികൾ മുട്ടയിട്ടപ്പോൾ ആശങ്കയിലാണ് അവർ. മുട്ടകൾ വിറ്റഴിക്കാനാകാത്തതാണ് അതിന് കാരണം.
കുടുംബശ്രീ ജില്ലാമിഷൻ അനുവദിച്ച 10 ലക്ഷം രൂപയിൽനിന്ന് പ്രത്യേക പദ്ധതിക്ക് രൂപം നൽകിയാണ് അയൽക്കൂട്ടം അംഗങ്ങൾക്ക് മുട്ടക്കോഴികളെ നൽകിയത്.
കുടുംബശ്രീ സംരംഭങ്ങളുടെ ഭാഗമായി 70 കുടുംബങ്ങൾക്ക് 25 വീതം കോഴിക്കുഞ്ഞുങ്ങളെയാണ് കഴിഞ്ഞ സെപ്റ്റംബറിൽ പഞ്ചായത്തധികൃതർ അനുവദിച്ചത്. 45 ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങൾ, കൂടുകൾ, രണ്ടു മാസത്തേക്കാവശ്യമായ കോഴിത്തീറ്റ എന്നിവയുമാണ് നൽകിയത്.
ഏകദേശം 380 മുട്ടകൾ നൽകാൻ കഴിവുള്ള കോഴിയിനങ്ങളാണ് ഇവ. രണ്ടുമാസം പിന്നിട്ടപ്പോൾ മുട്ടയിടാൻ തുടങ്ങി.
മലയോരമേഖലയിലെ സുഹൃത്തുക്കൾക്കും മറ്റും നൽകിയാണ് ഇപ്പോൾ ചെലവഴിക്കുന്നത്. എല്ലായ്പ്പോഴും ഇത്തരത്തിൽ മുട്ടകൾ വിൽക്കാനും കഴിയുന്നില്ല. ചൂട് കൂടിയത് കാരണം മുട്ടകൾ കൂടുതൽ നാളുകൾ സൂക്ഷിക്കാനാകുന്നുമില്ല.
അഞ്ചുരൂപയാണ് ഒരു കോഴിമുട്ടയ്ക്ക് വില നിശ്ചയിച്ചിട്ടുള്ളത്. 15,000 രൂപയാണ് ഒരംഗത്തിന് വായ്പ അനുവദിച്ചത്. ഈ തുക 18 മാസങ്ങൾ കൊണ്ട് തിരിച്ചടയ്ക്കണം. 860 രൂപയാണ് പ്രതിമാസ തിരിച്ചടവ്. 15,480 രൂപ പലിശയടക്കം തിരിച്ചടയ്ക്കേണ്ടി വരും. മുട്ടകൾ ഏഴുരൂപയ്ക്ക് വിറ്റഴിച്ചാൽ ചെറിയ തുക ഒരംഗത്തിന് വായ്പയടച്ചാലും മിച്ചം വെയ്ക്കാൻ കഴിയും. വീട്ടമ്മമാരിൽനിന്ന് കോഴിമുട്ടകൾ ശേഖരിക്കാൻ പൊതുവായ ഒരു സംവിധാനമുണ്ടായാൽ നല്ലതാണെന്നും അവർ പറയുന്നു.