തിരുവനന്തപുരം: സംസ്ഥാനത്ത് നടന്നത് അവയവ വ്യാപാരമെന്ന് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍. സംസ്ഥാനത്ത് അവയവ വ്യാപാരം സജീവമാണെന്ന കണ്ടെത്തലിന് പിന്നാലെ അവയവദാനങ്ങളുടെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കുന്നു. പണം വാങ്ങി അവയവങ്ങള്‍ നല്‍കിയവര്‍ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി അയവങ്ങള്‍ നല്‍കുന്നുവെന്ന സര്‍ട്ടിഫിക്കറ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നേടുന്നുവെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ രണ്ടു വര്‍ഷം നടന്ന അവയവദാനങ്ങളുടെ വിശദാംശങ്ങള്‍ തേടി ആരോഗ്യവകുപ്പിന് ക്രൈംബ്രാഞ്ച് കത്തു നല്‍കി. ആദ്യ ഘട്ട പരിശോധനയുടെ ഭാഗമായി സര്‍ക്കാരിന്‍റെ കീഴിലുള്ള അപ്രോപ്രിയേറ്റ് അതോറിറ്റിക്കാണ് ക്രൈംബ്രാഞ്ച് കത്ത് നല്‍കിയത്.
ആരോഗ്യവകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരുള്‍പ്പെടുന്ന ആറംഗ സമിതിക്കാണ് തൃശൂര്‍ ക്രൈംബ്രാഞ്ച് എസ് പി കത്ത് നല്‍കിയത്.അവയവ മാറ്റങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ രൂപീകരിച്ചിരിക്കുന്ന ഈ സമിതിക്കാണ് സംസ്ഥാനത്തെ ആശുപത്രികളില്‍ നടക്കുന്ന അവയവ മാറ്റങ്ങളുടെ വിവരങ്ങള്‍ കൈവശംവെയ്ക്കാനുള്ള അധികാരം.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ വിവരങ്ങളാണ് ആദ്യം ശേഖരിയ്ക്കുന്നത്. ഇതോടൊപ്പം അവയവ ദാതാക്കളുടെയും സ്വീകര്‍ത്താക്കളുടെയും പേര് വിവരങ്ങളും ശേഖരിക്കും. കേസില്‍ ഇടനിലക്കാരുടെയും ആശുപത്രികളുടെയും അനധികൃത ഇടപെടലുകളുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധനയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ സംവിധാനങ്ങളെ കബളിപ്പിച്ചാണ് അവയവമാഫിയയുടെ പ്രവര്‍ത്തമെന്നാണ് കണ്ടെത്തല്‍. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കു വേണ്ടി ഏജന്‍്റുമാരാണ് ദാതാക്കളെ കണ്ടെത്തുന്നത്. അവയവ ദാതാക്കള്‍ക്ക് പണം നല്‍കിയ ശേഷം അവരുടെ അറിവോടെ തന്നെ വ്യാജ രേഖകള്‍ ഉണ്ടാക്കും. സാമൂഹിക സേവനത്തിന്‍്റെ ഭാഗമായി ഒരു ജീവന്‍ രക്ഷിക്കാന്‍ സൗജന്യമായി അവയദാനത്തിന് തയ്യാറാകുന്നുവെന്ന സര്‍ട്ടിഫിക്കറ്റാണ് സര്‍ക്കാരിലേക്ക് നല്‍കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നടന്ന 35 അവയവദാനങ്ങള്‍ ക്രൈം ബ്രാഞ്ച് പരിശോധിച്ചു. ദാതാക്കളുടെ പശ്ചാത്തലമാണ് ക്രൈം ബ്രാഞ്ചിനെ ഞെട്ടിച്ചത്. ഗുണ്ടകള്‍ മുതല്‍ കഞ്ചാവ് കേസിലെ പ്രതികള്‍ വരെ ഇതില്‍പ്പെടുന്നു
അതേസമയം പ്രാഥമികാന്വേഷണത്തിനു ശേഷം ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ വിശദാംശങ്ങളും പുറത്തു വന്നു. കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ അവയവ വ്യാപാരം, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. എന്നാല്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല.