കരഞ്ഞുകൊണ്ടാണ് മകന്റെ വിവരം സുരേഷിനോട് പറഞ്ഞത്: മണിയൻപിള്ള രാജു

0
35

തന്റെ മകൻ ജീവിച്ചിരിക്കാൻ കാരണം സുരേഷ്‌ഗോപിയാണെന്ന് മണിയൻപിള്ള രാജു. കോവിഡ് കാലത്തെ ഒരു അനുഭവം പങ്കുവച്ചാണ് മണിയൻപിള്ള രാജുവിന്റെ തുറന്നുപറച്ചിൽ. ഗുജറാത്തിൽ വിദൂരമായ സ്ഥലത്ത് ഒരു എണ്ണക്കമ്പനിയിൽ ജോലി ചെയ്യുന്ന മകൻ സച്ചിന് കോവിഡ് ബാധിക്കുകയും അത് ശ്വാസകോശത്തെ തകരാറിലാക്കുകയും ചെയ്തപ്പോൾ സഹായഹസ്തവുമായി എത്തിയത് സുരേഷ്‌ഗോപി ആയിരുന്നു. താൻ സഹായം ആവശ്യപ്പെട്ടപ്പോൾ ഒന്നല്ല, നാല് എംപിമാരെയാണ് സുരേഷ്‌ഗോപി ബന്ധപ്പെട്ടതെന്നും വളരെ പെട്ടെന്നുതന്നെ അത്യാധുനിക സജ്ജീകരണങ്ങളുള്ള ആശുപത്രിയിൽ എത്തിച്ചതുകാരണമാണ് മകൻ രക്ഷപ്പെട്ടതെന്നും മണിയൻപിള്ള രാജു പറയുന്നു.

‘ഒരു വര്‍ഷം മുമ്പാണ്. കോവിഡിന്റെ രണ്ടാം തരംഗം ശക്തി പ്രാപിച്ചുതുടങ്ങിയ സമയം. എന്റെ മൂത്ത മകന്‍ സച്ചിനും കോവിഡ് പിടിപെട്ടു. അത് രൂക്ഷമായി അവനെ ബാധിക്കുകയും ചെയ്തു. ശ്വാസകോശം ചുരുങ്ങിപ്പോവുകയായിരുന്നു. ആരോഗ്യനില അത്യന്തം ഗുരുതരമായിരുന്നു. ഗുജറാത്തില്‍നിന്ന് സന്ദേശം വരുമ്പോള്‍ സഹായത്തിന് ആരെ സമീപിക്കണമെന്ന് എനിക്കൊരു രൂപവുമുണ്ടായിരുന്നില്ല. പെട്ടെന്ന് സുരേഷ്‌ഗോപിയെ ഓര്‍ത്തു. ഞാന്‍ അദ്ദേഹത്തെ വിളിച്ചു. കരച്ചിലോടെയാണ് ഞാന്‍ സുരേഷിനോട് കാര്യങ്ങള്‍ വിശദീകരിച്ചത്. വിശദാംശങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞശേഷം അദ്ദേഹം ഫോണ്‍വച്ചു. പിന്നീട് നടന്നതെല്ലാം അദ്ഭുതങ്ങളായിരുന്നു.

ഗുജറാത്തില്‍നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ഒരു റിമോട്ട് സ്ഥലത്താണ് മകന്‍ ജോലി ചെയ്യുന്ന ഓയില്‍ കമ്പനി. അവിടെയുള്ള എംപിയെ സുരേഷ്‌ഗോപി ബന്ധപ്പെട്ടു. ഒന്നല്ല നാല് എംപിമാരുടെ സഹായമാണ് അദ്ദേഹം തേടിയത്. അതിനുപിന്നാലെ അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സ് എത്തി. അഞ്ച് മണിക്കൂര്‍ യാത്ര ചെയ്താണ് മകനെയും കൊണ്ടവര്‍ രാജ്‌കോട്ടിലെ ഹോസ്പിറ്റലില്‍ എത്തിയത്. അവിടെ എല്ലാത്തിനും തയാറെടുത്ത് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും കാത്തുനില്‍പ്പുണ്ടായിരുന്നു.

ഒരല്‍പം കൂടി വൈകിയിരുന്നെങ്കില്‍ മകനെ ജീവനോടെ തിരിച്ചുകിട്ടില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. സുരേഷിന്റെ ഇടപെടൽ ഒന്നുകൊണ്ടു മാത്രമാണ് അവനെ കൃത്യസമയത്ത് ഹോസ്പിറ്റലില്‍ എത്തിക്കാനും ചികിത്സകള്‍ തുടരാനും കഴിഞ്ഞത്. ഇന്നെന്റെ മകന്‍ ജീവിച്ചിരിക്കുന്നെങ്കില്‍ അതിന് കാരണക്കാരന്‍ സുരേഷ്‌ഗോപിയാണ്. സുരേഷിനെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. അദ്ദേഹം എന്നുമെന്റെ ഹൃദയത്തില്‍ ഉണ്ടാകും.’

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം, താര സംഘടനയായ അമ്മ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ സുരേഷ്‌ഗോപിയെ സ്വാഗതം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മണിയൻപിള്ള രാജു ഹൃദയത്തിൽ തൊടുന്ന അനുഭവം പങ്കുവച്ചത്. 20 വർഷങ്ങൾക്ക് ശേഷം അമ്മയിൽ എത്തിയ സുരേഷ്‌ഗോപിക്ക് ഊഷ്മളമായ സ്വീകരണമാണ് സഹപ്രവർത്തകർ നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here