പാരീസ്: ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് ഫ്രാന്‍സില്‍ നടന്ന പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 100 പൊലീസുകാര്‍ക്ക് പരിക്ക്.
കഴിഞ്ഞ മാസം നടപ്പാക്കിയ പുതിയ പെന്‍ഷന്‍ നിയമത്തിനെതിരെയാണ് ഫ്രാന്‍സിലെ വിവിധ നഗരങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
പെന്‍ഷന്‍ നിയമം നടപ്പാക്കിയ ഫ്രഞ്ച് ഭരണകൂടത്തിനെതിരായ പ്രക്ഷോഭത്തില്‍ 1,12,000 പേര്‍ പങ്കാളികളായി. രാജ്യത്ത് ഉടനീളം പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 291 പേരെ കസ്റ്റഡിയിലെടുത്തു. പാരീസില്‍ മാത്രം 90 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ പൊലീസും പ്രക്ഷോഭകാരികളും ഏറ്റുമുട്ടി. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
ജനകീയ പ്രക്ഷോഭങ്ങള്‍ക്കെതിരെ രൂക്ഷമായ രീതിയിലാണ് ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോര്‍നെ പ്രതികരിച്ചത്. അക്രമങ്ങളും പ്രക്ഷോഭങ്ങളും അംഗീകരിക്കാനാവില്ലെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പെന്‍ഷന്‍ പ്രായം 62ല്‍ നിന്ന് 64ലേക്ക് ഉയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാജ്യത്ത് ഉയരുന്നത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടി പിന്‍വലിക്കണമെന്നാണ് വിവിധ തൊഴിലാളി സംഘടനകളുടെ ആവശ്യം.