കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹത്തില്‍ നാലാമത്തെ മെഡലും ഇന്ത്യ തങ്ങളുടെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തു. രണ്ടാംദിനം അവസാനമായി നടന്ന വനിതകളുടെ 55 കിഗ്രാം ഭാരോദ്വഹനത്തില്‍ ബിന്ദ്യറാണി ദേവി വെള്ളി മെഡല്‍ കരസ്ഥമാക്കി. നേരത്തേ മീരാബായ് ചാനു സ്വര്‍ണവും സങ്കേത് മഹാദേവ് സര്‍ഗര്‍ വെള്ളിയും ഗുരുരാജ പുജാരി വെങ്കലവും ഭാരോദ്വഹനത്തില്‍ ഇന്ത്യക്കു സമ്മാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിന്ദ്യയിലൂടെ ഇന്ത്യ വെള്ളിയും പിടിച്ചെടുത്തത്.
മീരാബായ് രാജ്യത്തിനു ആദ്യത്തെ സ്വര്‍ണം സമ്മാനിച്ച് മണിക്കൂറുകള്‍ക്കകമാണ് ബിന്ദ്യറാണി വെള്ളി കൂടി അക്കൗണ്ടിലേക്കു ചേര്‍ത്തത്. ഫൈനലില്‍ സ്‌നാച്ച്, ക്ലീന്‍ ആന്റ് ജര്‍ക്ക് വിഭാഗങ്ങളിലായി 202 കിഗ്രാമാണ് ബിന്ദ്യറാണി ഉയര്‍ത്തിയത്. സ്‌നാച്ചില്‍ 86 കിഗ്രാം ഉയര്‍ത്തിയ അവര്‍ ക്ലീന്‍ ആന്റ് ജര്‍ക്ക് വിഭാഗത്തില്‍ 116 കിഗ്രാമും ഉയര്‍ത്തി. മൂന്നാമത്തെ ശ്രമത്തിലായിരുന്നു ബിന്ധ്യ 116 കിഗ്രാം ഉയര്‍ത്തിയത്. സ്‌നാച്ചില്‍ ആദ്യ ശ്രമത്തില്‍ 81 കിഗ്രാം ഉയര്‍ത്തിയ ഇന്ത്യന്‍ താരം തുടര്‍ന്ന് 84 കിഗ്രാം, 86 കിഗ്രാം എന്നിങ്ങനെ പ്രകടനം മെച്ചപ്പെടുത്തുകയായിരുന്നു.