തിരുവനന്തപുരം: നെയ്യാറ്റിൻകര പൂവ്വാറില്‍ കള്ളൻ കൊണ്ടുപോയ പശുക്കളെ കാത്തിരിക്കുകയാണ് തങ്കരാജ് എന്ന ക്ഷീരകർഷകൻ. തങ്കരാജിന്റെ മൂന്ന് പശുക്കളെയാണ് കള്ളന്മാർ കടത്തിക്കൊണ്ടുപോയത്. സിസിടിവി അടക്കം അരിച്ചുപെറുക്കിയിട്ടും ഇതുവരെയും പൊലീസിനും തുമ്പൊന്നും ലഭിച്ചിട്ടില്ല. 25 വർഷമായി തങ്കരാജ് പശുക്കളെ വളർത്തുന്നു. പക്ഷെ ഇങ്ങനെ ഒരു ദുരനുഭവം ഇതാദ്യം. ജനുവരി നാലിന് പുലർച്ചെയാണ് വീട്ടിൽ നിന്ന് പശുക്കളെ കള്ളൻ കൊണ്ടുപോയത്. ആറ് പശുക്കളിൽ മൂന്നെണ്ണത്തിനെയാണ് മോഷണം പോയത്. പശുക്കളെ വീട്ടിൽ നിന്നിറക്കി റോഡിലെത്തിച്ച് ലോറിയിൽ കയറ്റിക്കൊണ്ടുപോയത് എന്നാണ് നിഗമനം.
ഹൃദ്രോഗി കൂടിയായ തങ്കരാജിന്റെ ഏക വരുമാനമാർഗമായിരുന്നു പശുവളർത്തൽ. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്നാണ് തങ്കരാജ് പറയുന്നത്. ജനവാസകേന്ദ്രത്തിൽ നിന്നാണ് പശുക്കളെ കടത്തിയത്. എന്നാൽ ഇതുവരെയും ഒരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.