ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞും ശൈത്യ തരംഗവും മൂലം സാധാരണ ജീവിതത്തെ കൂടുതൽ തടസ്സപ്പെടുകയാണ്. കാലാവസ്ഥയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും, ഇടതൂർന്ന മൂടൽമഞ്ഞ് ചൊവ്വാഴ്‌ച തീവണ്ടി ഗതാഗതത്തെ സാരമായി ബാധിച്ചു.
” കനത്ത മൂടൽമഞ്ഞ് കാരണം നോർത്തേൺ റെയിൽവേ മേഖലയിൽ 15 ട്രെയിനുകൾ വൈകി ഓടുകയാണ്” ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഈ ട്രെയിനുകളിൽ ഗയ-ന്യൂഡൽഹി മഹാബോധി എക്‌സ്പ്രസ്, ഹൗറ- ന്യൂഡൽഹി പൂർവ എക്‌സ്പ്രസ്, ഡോ അംബേദ്ക്കർ നഗർ- ശ്രീ മാതാ വൈഷ്ണോ ദേവി കത്ര മാൾവ സൂപ്പർഫാസ്‌റ്റ് എക്‌സ്പ്രസ്, എംജിആർ ചെന്നൈ സെൻട്രൽ-ന്യൂ ഡൽഹി ഗ്രാൻഡ് ട്രങ്ക് എക്‌സ്പ്രസ് എന്നിവ ഉൾപ്പെടുന്നു.
ട്രെയിനുകൾ വൈകിയത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഡൽഹിയിലെ സഫ്‌ദർജംഗിൽ ചൊവ്വാഴ്‌ച രാവിലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 4.6 ഡിഗ്രി സെൽഷ്യസാണ്. ജനുവരി 19 മുതൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ശൈത്യ തരംഗത്തിന്റെ കാഠിന്യം കുറയാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.