എടത്വ: ശുദ്ധജല ക്ഷാമം അനുഭവിക്കുന്ന കുട്ടനാട്ടിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമായി നടന്‍ മോഹന്‍ലാലിന്‍റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനും ഇ.വൈ.ജി.ഡി.എസും ജലശുദ്ധീകരണ പ്ലാന്‍റ് സ്ഥാപിച്ചു. എടത്വ ഒന്നാംവാര്‍ഡിലെ നൂറ് കണക്കിന് പേര്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും.
വിശ്വശാന്തി ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ മേജര്‍ രവി ഓട്ടോമേറ്റഡ് കുടിവെള്ള പ്ലാന്‍റ് പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് ഉദ്ഘാടനം ചെയ്തു. പ്രതിമാസം ഒന്‍പത് ലക്ഷം ലിറ്റര്‍ കുടിവെള്ളം നല്‍കാന്‍ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിച്ചിരിക്കുന്നത്.
കുടിവെള്ള പ്ലാന്‍റിന്‍റെ ഗുണഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഇത് വച്ച് ഒരു കുടുംബത്തിന് ആവശ്യമായ ശുദ്ധജലം പ്ലാന്‍റില്‍ നിന്നും ശേഖരിക്കാം. പൂര്‍ണ്ണമായും സോളാറില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്‍റ് പൂര്‍ണ്ണമായും പരിസ്ഥിതി സൌഹൃദമാണ്.
പ്രദേശത്തെ 300 ഓളം കുടുംബങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയവര്‍ പ്ലാന്റിന്റെ ഗുണഭോക്താക്കളാകും. കുട്ടനാട്ടിലെ ജലത്തില്‍ കണ്ടുവരുന്ന ആരോഗ്യത്തിന് ഹാനികരമായ ഇരുമ്പ് കാല്‍സ്യം ക്ലോറൈഡ് എന്നിവ നീക്കം ചെയ്യുന്നതും കോളി ഫോം, ഇ കോളി തുടങ്ങി രോഗകാരികളായ ബാക്ടീരികളെ നശിപ്പിക്കുന്ന രീതിയിലാണ് പ്ലാന്‍റിലെ ജലശുദ്ധീകരണം നടക്കുന്നത്.