ഓണത്തിന് അത്തപ്പൂക്കളം എങ്ങനെ ഒരുക്കാം ?

0
184

കേരളീയ പാരമ്പര്യമനുസരിച്ച് ചിങ്ങമാസത്തിലെ അത്തം നാള്‍ മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിലാണ് വീട്ടുമുറ്റത്ത് അത്തപ്പൂക്കളം ഒരുക്കുക.

ഐശ്വര്യത്തിന്റെയും, സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് ഓണം. പൊന്നിന്‍ ചിങ്ങമാസത്തിലേക്കുള്ള കാല്‍വെപ്പ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകൾ കൂടെയാണ് സമ്മാനിക്കുന്നത്, ഒപ്പം അത്തപ്പൂക്കളത്തിനും ഓണാഘോഷങ്ങൾക്കുമൊക്കെ വേണ്ടിയുള്ള കാത്തിരിപ്പും ആരംഭിക്കുന്നു. തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരുത്താൻ വേണ്ടിയാണ് അത്തപൂക്കളം ഒരുക്കുന്നതെന്നൊരു ഐതിഹ്യമുണ്ട്.

ചിങ്ങമാസത്തിലെ അത്തം നാള്‍ മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിലാണ് വീട്ടുമുറ്റത്ത് അത്തപ്പൂക്കളം ഒരുക്കുക. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളില്‍ വിവിധതരം പൂക്കള്‍ ഉപയോഗിക്കുന്നു.

ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍, മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ , എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തില്‍ സ്ഥാനമുള്ളൂ. എന്നാല്‍ ചിലയിടങ്ങളില്‍ ഒരു നിറത്തിലുള്ള പൂവില്‍ തുടങ്ങി പത്താം ദിവസം ആകുമ്പോള്‍ പത്തു നിറങ്ങളിലുള്ള പൂക്കള്‍കൊണ്ട് പൂക്കളം ഒരുക്കുന്നു. ഉത്രാടദിനത്തിലാണ് പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്‌. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.

അത്തം നാളിൽ തുമ്പപ്പൂ ഇട്ടാണ് പൂക്കളം ഒരുക്കാൻ ആരംഭിക്കുന്നത്. പിന്നീട് തുളസിപ്പൂവും, പൂക്കളം ഇടാൻ ഉപയോഗിക്കുന്നു. അത്തം, ചിത്തിര നാളിൽ ഈ രണ്ട് പൂക്കൾ മാത്രമാണ് ഉപയോഗിക്കുന്നത്. മൂന്നാം ദിവസം മുതലാണ് നിറങ്ങളുള്ള പൂക്കൾ ഉപയോഗിച്ച് പൂക്കളം ഇടുന്നത്. പത്താം ദിവസം പത്തുതരം പൂക്കളും ഉപയോഗിച്ച് പൂക്കളം ഒരുക്കുന്നു. ചോതി നാള്‍ മുതലാണ് പൂക്കളത്തിൽ ചെമ്പരത്തിപ്പൂ ഉപയോഗിക്കുന്നത്.

പ്രധാന ഓണമായ തിരുവോണ നാളിൽ പൂക്കളം തയ്യാറാക്കുന്ന രീതിയിൽ വ്യത്യാസമുണ്ട്. ഈ ദിവസം രാവിലെ പൂക്കളത്തിൽ പലകയിട്ട് അരിമാവു പൂശി അതിന്റെ പുറത്ത് നാക്കിലയിട്ട് അരിമാവു പൂശുന്നു. മണ്ണുകൊണ്ടോ തടികൊണ്ടോ തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങൾ നിർമിച്ച് ഇലയിൽ പ്രതിഷ്ഠിക്കും. വിഗ്രഹങ്ങൾ പൂക്കൾ കൊണ്ട് അലങ്കരിക്കുകയും, പാലട, പഴം, ശർക്കര തുടങ്ങിയവ നിവേദിക്കുകയും ചെയ്യുന്നു. ചിലയിടങ്ങളിൽ കുടുംബത്തിലെ മുതിര്‍ന്ന കാരണവര്‍ ചതയം വരെ പൂജ നടത്തുന്ന പതിവുമുണ്ട്. ഓണം കാണാൻ എത്തുന്ന തൃക്കാക്കരയപ്പനെ ആര്‍പ്പുവിളിച്ചും സ്വീകരിക്കും. പിന്നീട് ഉതൃട്ടാതി നാളിൽപ്രതിഷ്ഠ ഇളക്കിമാറ്റും.

LEAVE A REPLY

Please enter your comment!
Please enter your name here