വാഴയില വെട്ടി അതിലൊരു ഊണ്, ആഹാ അന്തസ്; ഈ ഗുണങ്ങൾ കൂടി അറിഞ്ഞാൽ നിങ്ങൾ ഫ്ലാറ്റാവും.

0
26

മലയാളിക്ക് സദ്യ എന്ന് പറഞ്ഞാൽ അത് വാഴയിലയിൽ തന്നെ വേണം. എന്നാൽ മാത്രമേ അതിനൊരു പൂർണതയുള്ളൂ. അത്രത്തോളം നമ്മുടെ ദിനചര്യയോട് ചേർന്ന് കിടക്കുന്ന ഒന്നാണ് വാഴയില. ശരിക്കും പറഞ്ഞാൽ നമ്മുടെ നാട്ടിൻ പുറത്ത് കാണുന്ന വാഴ എല്ലാം കൊണ്ടും ഒട്ടേറെ പ്രയോജനം നമുക്ക് നൽകുന്ന ഒരു മരമാണ്. കാരണം അതിന്റെ ഇല മുതൽ പഴം വരെ, കാമ്പ് മുതൽ മാമ്പ് വരെ എല്ലാം നമ്മൾ പലവിധത്തിൽ ഉപയോഗിച്ച് പോരുന്നു.

വാഴയിലയിൽ കഴിക്കുന്ന ഭക്ഷണത്തിന് ഒരു പ്രത്യേക സ്വാദ് തന്നെയുണ്ടാവും. ഊണ് കഴിക്കാൻ മാത്രമല്ല നമ്മൾ വാഴയില ഉപയോഗിക്കാറുള്ളത്. മലയാളിയുടെ നാല് മണി പലഹാരങ്ങളിൽ ഭൂരിഭാഗത്തിനും വാഴയില കൂടിയേ തീരൂ. ഇലയടയും, തിരുളടയും ഒക്കെ ഉണ്ടാക്കാനും ഇനി പുട്ട് കുത്തി ഇടാനും വാഴയില ഇല്ലെങ്കിൽ ഒന്ന് സങ്കൽപിച്ചു നോക്കൂ.

ഇത്രയൊക്കെ ആണെങ്കിലും പഴമക്കാർ തുടർന്നു വന്ന ഒരു പാരമ്പര്യത്തിന് അപ്പുറം വാഴയിലയുടെ ഗുണങ്ങൾ കൃത്യമായി അറിയുന്ന എത്ര പേരുണ്ട് നമുക്ക് ചുറ്റും എന്നതാണ് ചോദ്യം. കാരണം നമ്മൾ കാലങ്ങളായി ഉപയോഗിച്ച് പോരുന്ന ഈ പ്രകൃതിദത്ത പ്ലേറ്റിന്റെ യഥാർത്ഥ ഗുണങ്ങളിൽ പലർക്കും അറിയില്ല. അത് അറിഞ്ഞാൽ നിങ്ങൾ ദിവസവും വാഴയിലയിൽ തന്നെ ഭക്ഷണം കഴിക്കുമെന്നതാണ് വസ്‌തുത. ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുന്നു: വാഴയിലയിൽ കഴിക്കുന്നത് സ്വാഭാവികമായും നിങ്ങളുടെ ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കന്നൊരു കാര്യം തന്നെയാണ്. അത് പലപ്പോഴും ഭക്ഷണത്തെ കൂടുതൽ സ്വാദുള്ളതും, സുഗന്ധമുള്ളതും, രുചികരവുമാക്കി തീർക്കുന്നു. അതുകൊണ്ടാണ് പലപ്പോഴും ഹോട്ടലുകളിൽ ഉച്ചയൂൺ വാഴയിലയിൽ ആക്കുന്നത്. ആന്റി ബാക്‌ടീരിയൽ ഗുണങ്ങളാൽ സമ്പന്നം: വാഴയിലയിൽ പ്രകൃതിദത്ത ആന്റി ബാക്‌ടീരിയൽ ഗുണങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ബാക്‌ടീരിയ മൂലമുള്ള അണുബാധയ്ക്കുള്ള സാധ്യത വളരെയധികം കുറയ്ക്കാൻ സഹായിക്കുന്നു, അതുവഴി നിങ്ങളുടെ ഭക്ഷണം കൂടുതൽ ആരോഗ്യകരമാവുന്നു.

പരിസ്ഥിതി സൗഹൃദം: വാഴയിലയുടെ ഏറ്റവും ലളിതവും അതിലേറെ പ്രാധാന്യമുള്ളതുമായ ഒരു ഗുണമാണിത്. പ്ലാസ്‌റ്റിക് അല്ലെങ്കിൽ ലോഹ പ്ലേറ്റുകളിൽ നിന്ന് വ്യത്യസ്‌തമായി, വാഴയില പരിസ്ഥിതി സൗഹൃദമാണ്, ഒരിക്കലും പരിസ്ഥിതി മലിനീകരണത്തിന് കാരണമാകില്ല. ഭക്ഷണം വിളമ്പുന്നതിന് അവ ഏറ്റവും മികച്ച മാർഗമായി അതിനാൽ കരുതപ്പെടുന്നു.

വേറിട്ട ഭംഗി: ഫാൻസി പ്ലേറ്റുകൾക്കായി ധാരാളം പണം ചെലവഴിക്കുന്നതിനുപകരം, വാഴയില ഉപയോഗിക്കുന്നത് കൂടുതൽ ഭംഗി നൽകുന്നതാണ്. കൂടാതെ അവ നിങ്ങളുടെ ഡൈനിംഗ് അനുഭവം വർദ്ധിപ്പിക്കുക മാത്രമല്ല, നിങ്ങളുടെ മേശയ്ക്ക് പരമ്പരാഗതവും സൗന്ദര്യാത്മകവുമായ ഒരു ഭാവം നൽകുകയും ചെയ്യുന്ന കാര്യമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here