ഇനി അവധി ദിവസങ്ങളിലും വാക്സിനേഷൻ സൗകര്യം ; രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന

0
102

തിരുവനന്തപുരം: അനുബന്ധ രോഗികൾക്കും, ഗർഭിണികൾക്കും മുൻഗണന നൽകി അവധി ദിവസങ്ങളിൽ ഉൾപ്പെടെ വാക്സിനേഷൻ നടത്താൻ സർക്കാർ തീരുമാനം. കോവിഡ് അവലോകന യോഗത്തിൽ അവധി ദിവസങ്ങളിലും വാക്സിൻ നൽകാൻ നിർദേശിച്ചത് മുഖ്യമന്ത്രിയാണ്. സിറിഞ്ച് ക്ഷാമം ഉണ്ടാവാതെ നോക്കാനും അദ്ദേഹം ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി.

അനുബന്ധ രോഗങ്ങൾ ഉള്ളവർ കോവിഡ് ബാധിതരായാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, വാർഡ് സമിതികളും റാപിഡ്‌ റസ്പോൺസ് ടീമുകളും ഉണർന്നു പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെലി മെഡിസിൻ സംവിധാനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പത്തനംതിട്ട മല്ലപ്പള്ളിയിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 124 പേർക്ക് കൊവിഡ് ബാധിച്ചത് പഠനവിഷയമാക്കാൻ മുഖ്യമന്ത്രി ആരോഗ്യവകുപ്പിനും ആരോഗ്യ വിദഗ്ധസമിതിക്കും നിർദ്ദേശം നൽകി.

ആറന്മുള വള്ളംകളിയുമായി ബന്ധപ്പെട്ട് കഴിഞ്ഞതവണ നൽകിയ ഇളവുകൾ മാത്രം നൽകിയാൽ മതിയെന്നും യോഗം തീരുമാനിച്ചു.

അതേസമയം, തിരുവനന്തപുരം വിമൻസ് കോളേജിൽ 19 മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്റർ പ്രവർത്തനം ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജോത് ഖോസ അറിയിച്ചു.

വാഹനത്തിലിരുന്ന് വാക്സിൻ സ്വീകരിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. വാക്‌സിനേഷൻ സെന്ററിലേക്ക് വരുന്ന വാഹനത്തിൽ തന്നെ ഇരുന്ന് രജിസ്റ്റർ ചെയ്യാനും വാക്സിൻ സ്വീകരിക്കാനും ഒബ്സർവേഷൻ പൂർത്തിയാക്കാനും സാധിക്കും. വാക്സിനേഷൻ പ്രക്രിയകൾക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ വാഹനത്തിനു സമീപത്തേക്ക് എത്തി നടപടികൾ സ്വീകരിക്കും. സംസ്ഥാനത്ത് ഇത്തരത്തിൽ സംഘടിപ്പിക്കുന്ന ആദ്യ വാക്സിനേഷൻ ഡ്രൈവാണ് ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here