അഡ്ലെയ്ഡ്: ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ. ജയിക്കാനാവശ്യമായ 90 റണ്‍സ് 21 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആതിഥേയര്‍ കണ്ടെത്തി. രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് ബാറ്റിങ് നിരയ്ക്ക് യാതൊരു തരത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. മാത്യു വെയ്ഡ് (33), മാര്‍നസ് ലബുഷെയ്ന്‍ (6) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസ്ട്രേലിയക്ക് നഷ്ടമായത്. ജോ ബേണ്‍സ് 51 റണ്‍സോടെയും സ്റ്റീവ് സ്മിത്ത് ഒരു റണ്ണോടെയും പുറത്താകാതെ നിന്നു. ജയത്തോടെ 4 മത്സരങ്ങളുടെ പരമ്ബരയില്‍ ഓസ്ട്രേലിയ 1-0ന് മുന്നിലെത്തി.രണ്ടാം ഇന്നിങ്സില്‍ 21.2 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സില്‍ ഇന്ത്യന്‍ സ്കോര്‍ ഒതുക്കി. ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോറാണിത്. 1974ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേ 42 റണ്‍സിന് പുറത്തായതായിരുന്നു ഇതിന് മുമ്ബത്തെ ചെറിയ സ്‌കോര്‍. അവസാനം ക്രീസിലെത്തിയ മുഹമ്മദ് ഷമി, പാറ്റ് കമ്മിന്‍സിന്റെ പന്ത് തട്ടി റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും രണ്ടക്കം കടന്നില്ലെന്നതാണ് ശ്രദ്ധേയം.
5 ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്‌സല്‍വുഡും 4 വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സുമാണ് ഇന്ത്യയെ തകര്‍ത്തത്. മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 9 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ പാറ്റ് കമ്മിന്‍സ് തിരിച്ചടി നല്‍കി. ആദ്യം നൈറ്റ് വാച്ച്‌മാന്‍ ജസ്പ്രീത് ബുംറയെ (2) പുറത്താക്കി. പിന്നാലെ ചേതേശ്വര്‍ പൂജാര (0), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (4) എന്നിവരെയും കമ്മിന്‍സ് മടക്കി.
മൂന്നാം ദിനത്തിലെ ആദ്യ പന്തില്‍ തന്നെ മായങ്ക് അഗര്‍വാളിനെ പുറത്താക്കി ജോഷ് ഹെയ്‌സല്‍വുഡും തുടങ്ങി. പിന്നാലെ അജിങ്ക്യ രഹാനെയും (0) ഹെയ്‌സല്‍വുഡിനു മുന്നില്‍ വീണു. ഹനുമ വിഹാരി (8), വൃദ്ധിമാന്‍ സാഹ (4), ആര്‍. അശ്വിന്‍ (0) എന്നിവരെയും മടക്കി ഹെയ്‌സല്‍വുഡ് അഞ്ച് വിക്കറ്റും ടെസ്റ്റ് കരിയറില്‍ 200 വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
ആദ്യ ഇന്നിങ്‌സില്‍ 53 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്ബോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 9 റണ്‍സെന്ന നിലയിലായിരുന്നു. നാലു റണ്‍സെടുത്ത പൃഥ്വി ഷായുടെ വിക്കറ്റാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 244ന് എതിരേ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 191 റണ്‍സിന് പുറത്തായിരുന്നു. 99 പന്തില്‍ നിന്ന് 10 ഫോറുകളടക്കം 73 റണ്‍സോടെ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ടിം പെയ്‌നാണ് ഓസീസ് സ്‌കോര്‍ 191ല്‍ എത്തിച്ചത്.