വയനാട് / മാവിലാംതോട് : ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ കേരളം നടത്തിയ ചെറുത്തു നിൽപ്പുകളിൽ, കേരളവർമ്മ പഴശ്ശിരാജയുടെ പങ്ക് വിസ്മരിക്കാനാകാത്തതാണ്. അദ്ദേഹം വീരചരമം പ്രാപിച്ച വയനാട്, പുൽപ്പള്ളി മാവിലാംതോടിൽ നിർമ്മിച്ച പഴശ്ശി സ്മാരകം ഇന്ന് വികസനത്തിൻ്റെ പാതയിലാണ്.
2019 മുതലാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൌൺസിൽ മാവിലാം തോടിലെ പഴശ്ശി സ്മാരകം ഏറ്റെടുത്തത്. .ഇതോടെ വലിയ വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടപ്പിലായത്. പഴശ്ശിരാജാ ലാൻഡ്‌സ്‌കേപ്പിങ് മ്യൂസിയം വെങ്കലത്തിൽ തീർത്ത പഴശ്ശിയുടെ പ്രതിമ, പഴശ്ശി സ്മരണകൾ ഉണർത്തുന്ന ചുമർ ചത്രങ്ങൾ, ഇവയൊക്കെ വീര പഴശ്ശിയുടെ ഓർമ്മകൾ സഞ്ചാരികളുടെ മനസ്സിലേക്കെത്തിക്കും. ഫെസിലിറ്റേഷൻ സെന്റർ, ഓപ്പൺ തീയേറ്റർ എന്നിവയുടെ നിർമ്മാണവും പുരോഗമിക്കുന്നു. ഒരു കോടി ചിലവിൽ നിർമ്മിക്കുന്ന ഡിജിറ്റൽ മ്യൂസിയം, നടപ്പാതകളിൽ കല്ല് വിരിക്കൽ എന്നിവയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. പഴശ്ശി സ്മാരകത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചു വരുന്നതായി, ബത്തേരി എം എൽ എ, ഐ സി ബാലകൃഷ്ണൻ പറഞ്ഞു. പഴശ്ശി സ്മാരകത്തെ ഒരു ഉയർന്ന നിലയിലേക്കെത്തിക്കുന്നതിനുള്ള മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കി വരുന്നുണ്ടെന്നും, ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് വേണ്ട എല്ലാ സാഹചര്യങ്ങളും ഒരുക്കിയുട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് നിയന്ത്രണങ്ങളും, പ്രതിസന്ധികളും കഴിയുന്നതോടെ, നിരവധി സഞ്ചാരികൾ പഴശ്ശിയുടെ ചരിത്രങ്ങൾ തേടി ഇവിടെയെത്തും. ഇവരെയെല്ലാം സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ഇവിടെ തയ്യാറായിരിക്കുന്നു.