ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയെ സമനിലയില്‍ തളച്ച് വലന്‍സിയ. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ബാഴ്‌സയ്ക്കായി ഗോള്‍ നേടിയ സൂപ്പര്‍ താരം ലയണല്‍ മെസി ഗോള്‍ വേട്ടയില്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ റെക്കോഡിനൊപ്പമെത്തി.
മത്സരത്തിന്റെ ആദ്യ മിനിട്ടുകളില്‍ തന്നെ ബാഴ്‌സലോണ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ 29-ാം മിനിട്ടില്‍ ബാഴ്‌സയെ ഞെട്ടിച്ച് മൗക്ടര്‍ ദിയാഖബിയിലൂടെ വലന്‍സിയ ലീഡ് നേടി. ഇതോടെ സമനില ഗോളിനായി ബാഴ്‌സ ശ്രമം തുടങ്ങി. ആദ്യ പകുതി അവസാനിയ്ക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ബാഴ്‌സയ്ക്ക് പെനാല്‍റ്റി ലഭിച്ചെങ്കിലും കിക്കെടുത്ത മെസിയ്ക്ക് പിഴച്ചു. മെസിയുടെ ഷോട്ട് വലന്‍സിയ ഗോള്‍ കീപ്പര്‍ ജാമി ഡൊമിനിച്ച് തട്ടിയകറ്റി.പന്ത് ലഭിച്ച ജോര്‍ദി ആല്‍ബ നല്‍കിയ ക്രോസ് മെസി ഹെഡറിലൂടെ ഗോളാക്കി മാറ്റി. ഇതോടെ മെസി ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന പെലെയുടെ റെക്കോഡിന് ഒപ്പമെത്തി. 643 ഗോളുകളാണ് ഇരുവരും സ്വന്തമാക്കിയത്.
രണ്ടാം പകുതിയില്‍ ബാഴ്‌സ അറോഹോയിലൂടെ ലീഡ് നേടി. മുന്നിലെത്തിയെങ്കിലും പ്രതിരോധത്തിന് മുതിരാതെ ആക്രമിച്ചു കളിച്ച ബാഴ്‌സയ്ക്ക് പിഴച്ചു. 69-ാം മിനിറ്റിലെ കൗണ്ടര്‍ അറ്റാക്കിലൂടെ മാക്‌സിമിലിയാനോ ഗോമസ് ഗോണ്‍സാലസ് സമനില പിടിച്ചു. മത്സരത്തില്‍ ഉടനീളം പന്തടക്കത്തിലും പാസിംഗിലും മികച്ചു നിന്ന ബാഴ്‌സ വലന്‍സിയ ഗോള്‍ പോസ്റ്റിനെ ലക്ഷ്യമാക്കി 25 ഷോട്ടുകളാണ് പായിച്ചത്. സമനില വഴങ്ങിയതോടെ പോയിന്റ് പട്ടികയില്‍ മുന്നേറാനുള്ള അവസരം ബാഴ്‌സയ്ക്ക് നഷ്ടമായി. 13 കളികളില്‍ 6 ജയവും 3 സമനിലയും നാല് തോല്‍വിയുമായി ബാഴ്‌സ 5-ാം സ്ഥാനത്താണ്.
അതേസമയം, റയല്‍ മാഡ്രിഡ് ഇന്ന് ഐബറിനെതിരെ ഇറങ്ങും. തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് ഫോമിലേയ്ക്ക് തിരിച്ചെത്തിയ റയല്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്. 13 മത്സരങ്ങളില്‍ 8 വിജയവും രണ്ട് സമനിലയും 3 തോല്‍വിയുമാണ് റയലിന്റെ അക്കൗണ്ടിലുള്ളത്. 12 മത്സരങ്ങളില്‍ 9 വിജയം നേടിയ അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.