ലയണൽ മെസിയുടെ ക്ലബ്ബായ ഇന്റർ മയാമി 2025 സീസണിലും മികച്ച ഫോമിലാണ്. നിലവിൽ മേജർ ലീഗ് സോക്കറിന്റെ ഈസ്റ്റേൺ കോൺഫറൻസ് പോയിന്റ് പട്ടികയിൽ ഒന്നാമതാണ് അവർ. കഴിഞ്ഞ മത്സരത്തിൽ അറ്റ്ലാന്റ യുണൈറ്റഡിനെ കീഴടക്കിയതോടെയാണ് അവർ പോയിന്റ് ടേബിളിൽ ഒന്നാമതായത്. ലയണൽ മെസി ഗോളടിച്ച കളിയിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇന്റർ മയാമിയുടെ ജയം.
ഈ കളിയിലെ ഇന്റർ മയാമിയുടെ ജയത്തിന് പിന്നാലെ ഒരു പുതിയ വിവാദം ഉയർന്നുവന്നിട്ടുണ്ട്. മത്സരത്തിൽ ഒരു അറ്റ്ലാന്റക്ക് ലഭിക്കേണ്ടിയിരുന്ന ഒരു പെനാൽറ്റി റഫറി നിഷേധിച്ചതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. പെനാൽറ്റി നൽകേണ്ടെന്ന് തീരുമാനമെടുത്തത് റഫറിയാണെങ്കിലും ഇന്റർ മയാമിക്ക് എതിരെയാണ് ഫുട്ബോൾ ലോകം രംഗത്ത് എത്തിയത് എന്നതാണ് ശ്രദ്ധേയം.
മത്സരത്തിന്റെ പതിനൊന്നാം മിനിറ്റിൽ ഇമ്മാനുവൽ ലാറ്റെ ലാത് നേടിയ ഗോളിൽ അറ്റ്ലാന്റ യുണൈറ്റഡ് ലീഡെടുത്തിരുന്നു. ഇരുപതാം മിനിറ്റിൽ നായകൻ ലയണൽ മെസി ഇന്റർ മയാമിക്ക് സമനില ഗോൾ സമ്മാനിച്ചു. രണ്ടാം പകുതിയിൽ ഇന്റർ മയാമിയുടെ കളി പ്രതീക്ഷക്ക് ഒത്തുയർന്നില്ല. ഇതിനിടെ റഫറിയുടെ ഒരു തീരുമാനവും അവർക്ക് അനുകൂലമായി. അറ്റ്ലാന്റ യുണൈറ്റഡ് എടുത്ത ഒരു കോർണർ ഇന്റർ മയാമി താരത്തിന്റെ കൈയ്യിൽ കൊണ്ടെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല. മറിച്ച് കളി തുടരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.