‘എല്ലാ പഞ്ചായത്തുകളിലും കളിക്കളം ഒരുക്കുകയാണ് ലക്ഷ്യം’; 129 കളിക്കളങ്ങൾ നിർമിച്ചെന്ന് മന്ത്രി വി അബ്ദുറഹിമാൻ

0
24

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും കളിക്കളം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. കായിക വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിലായി 129 കളിക്കളങ്ങൾ ഇതിനകം നിർമിച്ചു. പല്ലാരിമംഗലത്തെ സ്റ്റേഡിയം നാട്ടുകാർക്ക് ഏറെ ഉപകാരപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

എംഎൽഎമാരുടെ ഫണ്ട് ഉപയോഗിച്ചും പ്ലാൻ ഫണ്ട് വിനിയോഗിച്ചും 200ൽ അധികം കളിക്കളങ്ങളും ഒരുക്കിയിട്ടുണ്ട്. ഏകദേശം 150 ഇടങ്ങളിൽ കൂടി പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഒരു കളിക്കളം എന്ന ലക്ഷ്യം പൂർത്തീകരിക്കും. കോതമംഗലം പ്രദേശത്തെ ഏതെങ്കിലും പഞ്ചായത്തിൽ കളിക്കളം ഇല്ലാത്ത സാഹചര്യം ഉണ്ടെങ്കിൽ അതും പരിഗണിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കി. നവീകരണം പൂർത്തീകരിച്ച പല്ലാരിമംഗലം പഞ്ചായത്ത് ഇഎംഎസ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കോതമംഗലം ചേലാട് സ്റ്റേഡിയം നിർമാണ നടപടികൾ വേഗത്തിൽ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. നിലവിലെ നിർവഹണ ഏജൻസിയിൽ നിന്നും കായിക വകുപ്പ് നേരിട്ട് ഏറ്റെടുത്ത് സ്പോർട്സ് ഫൗണ്ടേഷൻ വഴി പദ്ധതി യാഥാർത്ഥ്യമാക്കും. 16.5 കോടി രൂപ ചെലവിൽ നിർമിക്കുന്ന സ്റ്റേഡിയത്തിന്റെ നിർമാണം ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നവീകരിച്ചത്. ഒട്ടേറെ വർഷങ്ങളായി പഞ്ചായത്തിലെ കായിക പ്രേമികളുടെ പ്രധാന ആവശ്യമായ സ്റ്റേഡിയം നവീകരിക്കണം സാധ്യമായിരിക്കുകയാണ് . ഗ്രൗണ്ട് ഡെവലപ്മെന്റ്‌, ഗ്യാലറി, ടോയ്ലെറ്റ്‌ ബ്ലോക്ക്‌, ഡ്രൈനേജ്, റിട്ടൈനിങ് വാള്‍, ഫെന്‍സിങ്, ഫ്‌ളെഡ്‌ ലൈറ്റ്‌ അനുബന്ധ സിവില്‍ – ഇലക്ട്രിഫിക്കേഷന്‍, ഗ്രൗണ്ട് ലെവലിങ്, ഇന്റർലോക്ക്, സ്റ്റേഡിയത്തിന്റെ പിൻഭാഗത്തെ ഡ്രൈനേജ് എന്നീ പ്രവൃത്തികൾ ഉള്‍പ്പെടുത്തിയാണ് നവീകരണം പൂർത്തീകരിച്ചിട്ടുള്ളത്.

ഉദ്ഘാടന ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ അധ്യക്ഷനായി. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, എഫ്ഐടി ചെയർമാൻ ആർ അനിൽകുമാർ, പഞ്ചായത്തംഗങ്ങളായ സഫിയ സലിം, സീനത്ത് മൈതീൻ, റിയാസ് തുരുത്തേൽ, നസിയ ഷെമീർ, എ.എ രമണൻ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഷാജി മുഹമ്മദ്, എംഎം ബക്കർ, യൂത്ത് കോ ഓഡിനേറ്റർ ഹക്കീം ഖാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് സൗഹൃദ ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here