പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബാണ് അൽ നസർ എഫ്സി. 2023 ജനുവരിയിൽ ക്രിസ്റ്റ്യാനോ എത്തിയതിന് ശേഷം ലോക പ്രശസ്തിയിലേക്ക് ഉയർന്ന അൽ നസറിലേക്ക് ഒട്ടേറെ സൂപ്പർ താരങ്ങളുമെത്തി. വരാനിരിക്കുന്ന ട്രാൻസ്ഫർ ജാലകത്തിലും ചില വമ്പൻ സൈനിങ്ങുകൾ നടത്താൻ അവർക്ക് പദ്ധതികളുണ്ടെന്നാണ് റിപ്പോർട്ട്. അതിന് വേണ്ടി ചില കളിക്കാരെ ടീമിൽ നിന്ന് ഒഴിവാക്കാൻ അവർ നിർബന്ധിതരാകും. ഇപ്പോളിതാ ടീമിലെ ഒരു വിദേശ സൂപ്പർ താരത്തെ വിൽക്കാൻ അൽ നസർ തീരുമാനിച്ചുകഴിഞ്ഞെന്നും ഇതുവഴി വമ്പൻ തുക ക്ലബ്ബിന് ലഭിക്കുമെന്നും റിപ്പോർട്ടുകൾ വന്നിരിക്കുന്നു.
അൽ നസർ മുന്നേറ്റത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹതാരമായ ആൻഡേഴ്സൺ ടലിസ്കയെ വിൽക്കാനാണ് ക്ലബ്ബ് തീരുമാനിച്ചിരിക്കുന്നത്. ടീം പരിശീലകൻ സ്റ്റെഫാനോ പിയോളിയുടെ പദ്ധതികളിൽ നിന്ന് പുറത്തായിക്കഴിഞ്ഞ താരത്തെ തുർക്കി ക്ലബ്ബായ ഫെനർബാഷെക്ക് വിൽക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഈ വിൽപ്പനയിലൂടെ 17.5 മില്ല്യൺ യൂറോ അൽ അലാമി എന്നറിയപ്പെടുന്ന അൽ നസറിന് ലഭിക്കുമെന്നാണ് സൂചനകൾ.
ടലിസ്ക അൽ നസർ എഫ്സിയിൽ നിന്ന് പുറത്തുപോയേക്കുമെന്ന് കഴിഞ്ഞ കുറച്ചുനാളുകളായി റിപ്പോർട്ടുകളുണ്ട്. അൽ താവൂണിനെതിരെ നടന്ന അവസാന സൗദി പ്രോ ലീഗ് മത്സരത്തിൽ ടലിസ്ക സ്ക്വാഡിൽ നിന്ന് പുറത്തായതോടെ ഇക്കാര്യം ഏറെക്കുറെ ഉറപ്പാവുകയും ചെയ്തു. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടലിസ്കയെ ക്ലബ്ബിൽ നിന്ന് ഒഴിവാക്കാനാണ് അൽ നസറിന്റെ ശ്രമം.2025-26 സീസൺ അവസാനം വരെയാണ് ടലിസ്കക്ക് അൽ നസറുമായി കരാറുള്ളത്. എന്നാൽ കരാർ കാലാവധിക്ക് ഒന്നര വർഷം മുന്നേ അദ്ദേഹത്തിന് ക്ലബ്ബ് വിടേണ്ടി വന്നേക്കും. ടലിസ്ക പോകുന്ന ഒഴിവിൽ പുതിയ വിദേശ മുന്നേറ്റ താരത്തെ കൊണ്ടു വരാൻ അൽ നസർ പരിശീലകൻ പിയോളി, ക്ലബ്ബിന് നിർദേശം നൽകിയതായാണ് സൂചനകൾ.