ഡൊണാൾഡ് ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയിൽ നിന്ന് ശ്രദ്ധേയരായി മുകേഷ് അംബാനിയും നിത അംബാനിയും . അമേരിക്കയുടെ പുതിയ പ്രസിഡൻ്റിന് ഇരുവരും ആശംസകൾ നേർന്നു. സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് വാഷിങ്ടണിൽ ഡൊണാൾഡ് ട്രംപ് നൽകിയ സ്വകാര്യ വിരുന്നിലും ഇരുവരും പങ്കെടുത്തു. ഇന്ത്യ-യുഎസ് ബന്ധങ്ങൾ കൂടുതൽ ആഴത്തിലാകാൻ ട്രംപിൻ്റെ നേതൃത്വം സഹായകരമാകുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ലോകത്തിൻ്റെ പുരോഗതിക്ക് സഹായകരമാകുമെന്നും ഇരുവരും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയിൽ നിന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ കുടാതെ മുകേഷ് അംബാനിയും നിത അംബാനിയും കൽപേഷ് മേത്തയുമാണ് ചടങ്ങുകളിൽ പങ്കെടുത്തത് എന്നാണ് സൂചന.
ചടങ്ങിൽ യുഎസിൽ നിയമപരമായ നടപടികൾ നേരിടുന്ന അദാനിയുടെ അസാനിധ്യം ശ്രദ്ധേയമാണ്. സൗരോർജ്ജ കരാറുകൾക്കായി ഉദ്യോഗസ്ഥർക്ക് 25കോടി ഡോളർ കൈക്കൂലി നൽകിയെന്ന ആരോപണത്തിലാണ് ഗൗതം അദാനി യുഎസിൽ നടപടികൾ നേരിടുന്നത്. ഫണ്ട് നേടുന്നതിനായി യുഎസ് നിക്ഷേപകരെയും സ്ഥാപനങ്ങളെയും തെറ്റിദ്ധരിപ്പിച്ചു എന്നതാണ് നടപടി സ്വീകരിക്കാൻ കാരണമായി പറയുന്നത്.