യുഎസിനു മുകളിൽ വമ്പൻ ശബ്ദത്തോടെ തീഗോളം പ്രത്യക്ഷപ്പെട്ടത് ആശങ്കയ്ക്കു വഴിയൊരുക്കി. യുഎസിലെ അർക്കൻസാസ്, ലൂസിയാന, മിസിസിപ്പി എന്നീ തെക്കൻ സംസ്ഥാനത്താണു പ്രതിഭാസം സംഭവിച്ചത്. മുപ്പതിലധികം ആളുകൾ ഇവിടങ്ങളിൽ തീഗോളം കണ്ടത്രേ. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയായിരുന്നു ഇത്. ആദ്യമായി ഇതു കണ്ടത് മിസിസിപ്പിക്കു സമീപം അൽകോണിൽ മിസിസിപ്പി നദിക്ക് 87 കിലോമീറ്റർ മുകളിലായാണെന്നാണ് വിദഗ്ധർ പറയുന്നത്.
സംഭവം നാസ സ്ഥിരീകരിച്ചിട്ടുണ്ട്. വളരെ അപൂർവമായ ഒരുകാഴ്ചയാണിതെന്ന് നാസയുടെ അലബാമയിലെ സ്പേസ് ഫ്ലൈറ്റ് സെന്ററിന്റെ ലീഡായ ബിൽ കുക്ക് പറഞ്ഞു. അന്തരീക്ഷത്തിൽ പൊട്ടിത്തെറിക്കുന്ന വലിയ ഉൽക്ക എന്നർഥം വരുന്ന ബോലൈഡ് എന്നു ശാസ്ത്രജ്ഞർ വിളിച്ച വസ്തു മണിക്കൂരിൽ 85000 കിലോമീറ്റർ എന്ന അതിവേഗത്തിൽ തെക്കുകിഴക്കൻ ദിശയിലൂടെ പാഞ്ഞുപോകുകയും യാത്രയ്ക്കിടെ പല കഷണങ്ങളായി വിഭജിക്കപ്പെടുകയും ചെയ്തു.തുടർന്ന് കടുത്ത ഓറഞ്ച് നിറത്തിൽ കത്തിജ്വലിച്ച് തീഗോളമായി മാറി.വെളുത്ത നിറത്തിൽ വാലുപോലെ ഒരു ഘടനയും കണ്ടെന്ന് ചിലർ പറയുന്നു.
സോണിക് ബൂം പ്രതിഭാസത്തിനു തുല്യമായ അതീവ ഉയർന്ന നിലയിലുള്ള ശബ്ദവും ഇതോടൊപ്പം കേട്ടിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. 3000 ടൺ ടിഎൻടിക്കു തത്തുല്യമായ ഊർജമാണു തീഗോളം സൃഷ്ടിച്ചത്. ചന്ദ്രബിംബത്തിന്റെ പത്തുമടങ്ങ് തിളക്കവും ഇതിനുണ്ടായിരുന്നു.
ആദ്യമായി കണ്ടയിടത്തു സമീപമുള്ള ക്ലെയ്ബോൺ കൗണ്ടി എന്ന സ്ഥലത്ത് ഗ്രാൻഡ് ഗൾഫ് റിയാക്ടർ എന്ന പേരിൽ ഒരു ആണവ റിയാക്ടറുള്ളതിനാൽ സംഭവം ജനങ്ങൾക്കിടയിൽ ആശങ്ക പരത്തി. എന്നാൽ റിയാക്ടറിനു കുഴപ്പമൊന്നുമില്ലെന്നും എല്ലാം സുരക്ഷിതമായിരിക്കുന്നെന്നും ചൂണ്ടിക്കാട്ടി ക്ലെയ്ബോൺ കൗണ്ടി എമർജൻസി മാനേജ്മെന്റ് ഏജൻസി താമസിയാതെ മാധ്യമക്കുറിപ്പിറക്കി. തീഗോളത്തെപ്പറ്റി പല കഥകൾ പെട്ടെന്നു തന്നെ പ്രചരിച്ചു. ഛിന്നഗ്രഹമോ വാൽനക്ഷത്രമോ അന്യഗ്രഹപേടകമോ ആയിരിക്കാമെന്ന് അഭ്യൂഹങ്ങൾ ഉയർന്നു. ഭൂമിയുടെ അന്തരീക്ഷത്തിലേക്കു കടന്ന ഒരു ചെറിയ പാറക്കഷണമോ ഉൽക്കയോ ആയിരിക്കാം ഇതെന്നാണു ശാസ്ത്രജ്ഞരുടെ അനുമാനം. ഉപഗ്രഹദൃശ്യങ്ങളിൽ വസ്തു പതിഞ്ഞിട്ടുണ്ട്. സംഭവം ആളുകളിൽ പരിഭ്രാന്തി പടർത്തി. നാസയിലേക്ക് ഒട്ടേറെ കോളുകളാണ് ഇതെത്തുടർന്ന് ചെന്നത്.1954ൽ ഈ മേഖലയ്ക്ക് അടുത്ത് സിലകോഗ എന്ന സ്ഥലത്തെ ഒരു വീട്ടിലേക്ക് ഒരു ഉൽക്ക പാഞ്ഞുകയറുകയും ആക്രമണത്തിൽ ഒരു സ്ത്രീക്ക് ഗുരുതരമായി പരുക്ക് പറ്റുകയും ചെയ്തു.