വടകര ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ വിവാദമായ വ്യാജ കാഫിർ സ്ക്രീൻഷോട്ടിൻ്റെ ഉറവിടം എത്രയും വേഗം കണ്ടെത്തണമെന്ന് ഹൈക്കോടതി. ആരോപണത്തിൽ ഫോറൻസിക് പരിശോധനാഫലം പൂർത്തിയാക്കാനും കോടതി നിർദ്ദേശം നൽകി.
സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്നും കാര്യക്ഷമമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് എം.എസ്.എഫ് നേതാവ് നൽകിയ ഹർജി തീർപ്പാക്കികൊണ്ടാണ് കോടതി ഉത്തരവിട്ടത്.
ഇതുവരേയുള്ള അന്വേഷണം തൃപ്തികരമാണെന്നാണ് ബോധ്യപ്പെട്ടതെന്നും കേസിലെ ഇര എന്ന നിലയിൽ തുടർനടപടികൾ ആവശ്യമെങ്കിൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് ഡയറിയടക്കം പരിശോധിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം അറിയിച്ചത്.
കാഫിർ പരാമർശം അടങ്ങിയ സ്ക്രീൻ ഷോട്ടിന് പിന്നിൽ ഹർജിക്കാരനായ പി.കെ.മുഹമ്മദ് ഖാസിമിന് പങ്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
എന്നാൽ ഇതുവരെ ഉറവിടം കണ്ടെത്താനായിട്ടില്ല.
ഇതിനായി ശാസ്ത്രിയ അന്വേഷണം ആവശ്യമാണെന്നും സർക്കാരിനായി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യുട്ടർ പി.നാരായണൻ അറിയിച്ചു.