കോഴിക്കോട്: ലൈക്കുകൾക്കും വ്യൂസുകൾക്കുമായി ജീവൻ പണയംവച്ച് കാടുകയറുന്നവർക്ക് കർശന മുന്നറിയിപ്പുമായി വനംവകുപ്പ്. വനത്തിലേക്കുള്ള അനധികൃത സഞ്ചാരം അതിരുകടന്നെന്നും നിയമം ലംഘിച്ചാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വനത്തിൽ കാണാതാകുന്ന സംഭവങ്ങൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയതെന്നും വനത്തിനോട് ചേർന്നുള്ള സ്വകാര്യഭൂമിയിലെത്തി അവിടെനിന്ന് വനത്തിലേക്ക് പ്രവേശിക്കുന്ന പ്രവണത കൂടിവരികയാണെന്നും വനംവകുപ്പ് വിലയിരുത്തുന്നു.
വകുപ്പിനെതിരെ നാട്ടുകാർ
അടുത്തിടെ കോഴിക്കോട് വിലങ്ങാട് വനമേഖലയിലും പാലക്കാട് മലമ്പുഴ ചേറാട് മലയിലും യുവാക്കൾ കുടുങ്ങിയിരുന്നു. വനംവകുപ്പും ഫയർഫോഴ്‌സും ചേർന്ന് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനമാണ് ഇവിടെ നടത്തിയത്. താമരശേരിയിൽനിന്ന് ചുരംകയറി അമ്പലവയൽ ഭാഗത്തെത്തിയ മൂന്ന് കുട്ടികൾ വലിയ അപകടത്തിൽനിന്നാണ് രക്ഷപ്പെട്ടത്. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് എത്തിയില്ലായിരുന്നെങ്കിൽ ഇവരും പെട്ടുപോകുമായിരുന്നെന്ന് മേപ്പാടി എഫ്ആർഒ ബിജു കെ വി വ്യക്തമാക്കി.
വിദേശികളടക്കമുള്ള യൂട്യൂബർമാർ ഹിമാലയത്തിലേക്കും നേപ്പാളിലേക്കും യാത്രചെയ്യുന്നതുപോലെയാണ് ഇവിടുത്തെ സോഷ്യൽ മീഡിയ പ്രചാരകർ തൊട്ടടുത്ത കാട്ടിലേക്ക് ഇറങ്ങുന്നത്. ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത ഒരു വിഭാഗമാണ് ഇതിന് മുന്നിട്ടിറങ്ങുന്നത്. ഇവരുടെ പിന്നാലെ പോകുന്ന നിരപരാധികളും കാട്ടിൽ അകപ്പെടുന്നുണ്ട്. ഇവർക്കെതിരെ കേസെടുത്താൽ വനംവകുപ്പിനെതിരെ നാട്ടുകാർ തിരിയുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പങ്കുവച്ചു.
റിസോർട്ട് ടൂറിസത്തിനും പങ്ക്
റിസോർട്ട് ടൂറിസം വർധിച്ചുവരുന്ന കാലഘട്ടമാണിത്. വയനാട്ടിൽ അടക്കം പത്ത് മണി കഴിഞ്ഞാൽ റിസോർട്ടുകളുടെ പ്രവർത്തനം പാടില്ലെന്നാണ് നിർദേശം. എന്നാൽ പുലർച്ചെവരെയൊക്കെ പലതും അനധികൃതമായി പ്രവർത്തിക്കുകയാണ്. ഇതിൻ്റെ മറവിൽ സാഹസികമായി ലൈവ് ഇടുന്നവൻ ഹീറോ ആണെന്ന തോന്നലാണ് പൊതുവിലുള്ളത്. ഈ റീലുകൾ പുറത്തുവരുന്നതോടെ അതിലും മികച്ചതെടുക്കാൻ മറ്റുള്ളവരും രംഗത്തിറങ്ങും. ഇത് നിലവിൽ ഒരു കിടമത്സരമായി മാറിക്കൊണ്ടിരിക്കുകയാണ്.
യാതൊരു അനുവാദവുമില്ലാതെയാണ് പുതിയ തലമുറയിലെ ഒരു വിഭാഗം കാടുകയറുന്നത്. വന്യമൃഗങ്ങളെ അവയുടെ മടയിൽച്ചെന്ന് വിളിച്ചുണർത്തി അപകടം വിളിച്ചുവരുത്തുന്ന അവസ്ഥയാണിപ്പോൾ. ഫോറസ്‌റ്റ് ഗാർഡുകൾ ഇടപെട്ടാണ് പല ജീവനുകളും രക്ഷപ്പെടുത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ പല സംഭവങ്ങളും പുറംലോകം അറിഞ്ഞില്ലെന്നതാണ് യാഥാർഥ്യം. പ്രായപൂർത്തിയാകാത്തവർ, പെൺകുട്ടികൾ, പുറംലോകം അറിഞ്ഞാൽ മാനഹാനി ഭയക്കുന്നവർ എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്. എന്നാൽ ഇവരുടെയൊക്കെ പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വനഭംഗി ആസ്വദിക്കാൻ അനുമതി നിർബന്ധം
1961ലെ കേരള ഫോറസ്‌റ്റ് ആക്‌ട് പ്രകാരം വനംവകുപ്പിൻ്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ വനത്തിൽ പ്രവേശിക്കുന്നത് പൂർണമായും നിയമവിരുദ്ധമാണ്. സമീപകാലത്ത് സോഷ്യൽ മീഡിയ റീലുകൾക്കും സാഹസിക യാത്രകൾക്കുമായി യുവാക്കൾ വനത്തിനുള്ളിലേക്ക് അതിക്രമിച്ചുകയറുന്ന പ്രവണത വൻതോതിൽ വർധിച്ചിട്ടുണ്ട്. റിസർവ് വനങ്ങളിലോ വന്യജീവി സങ്കേതങ്ങളിലോ പ്രവേശിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെയോ ബന്ധപ്പെട്ട ഡിവിഷണൽ ഫോറസ്‌റ്റ് ഓഫിസറുടെയോ (ഡിഎഫ്ഒ) രേഖാമൂലമുള്ള അനുമതി ആവശ്യമാണ്. വനംവകുപ്പ് നേരിട്ട് നടത്തുന്ന ഔദ്യോഗിക ഇക്കോ ടൂറിസം കേന്ദ്രങ്ങൾ വഴി മാത്രമേ പൊതുജനങ്ങൾക്ക് വനഭംഗി ആസ്വദിക്കാൻ അനുമതിയുള്ളൂ. ഇതിനായി നിശ്ചിത പ്രവേശന ഫീസും പാസും എടുക്കണം.
നിരോധനങ്ങളും ശിക്ഷകളും
വനത്തിനുള്ളിലേക്ക് പോകുന്ന ട്രെക്കിങ് പാതകളിൽ വനംവകുപ്പ് അംഗീകരിച്ച ഗൈഡുകളുടെ സാന്നിധ്യമുണ്ടായിരിക്കണം. ഇവരില്ലാതെ ഒറ്റയ്ക്ക് വനത്തിൽ സഞ്ചരിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ്. വനത്തിലേക്ക് പ്ലാസ്‌റ്റിക്, മദ്യം, മയക്കുമരുന്ന്, തീപിടിക്കുന്ന വസ്‌തുക്കൾ, ആയുധങ്ങൾ എന്നിവ കൊണ്ടുപോകുന്നത് കുറ്റകരമാണ്. ക്യാമ്പ് ഫയറുകളും അനുവദിക്കില്ല. മൃഗങ്ങൾക്ക് ഭക്ഷണം നൽകാനോ അവയെ ഭയപ്പെടുത്താനോ വനത്തിലെ സ്വാഭാവിക പരിസ്ഥിതിക്ക് കോട്ടംവരുത്താനോ പാടില്ല. കേരള ഫോറസ്‌റ്റ് ആക്‌ട് സെക്ഷൻ 27 പ്രകാരം റിസർവ് വനങ്ങളിൽ അതിക്രമിച്ചുകടക്കുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അനുമതിയില്ലാതെ വനത്തിൽ പ്രവേശിച്ചാൽ ആറ് മാസം വരെ തടവോ പുതിയ ഭേദഗതികൾ പ്രകാരം 25,000 രൂപ വരെ പിഴയോ അടക്കേണ്ടിവരും. അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വാറൻ്റില്ലാതെതന്നെ പ്രതികളെ അറസ്‌റ്റ് ചെയ്യാനുള്ള അധികാരമുണ്ട്.
മനുഷ്യ-വന്യജീവി സംഘർഷങ്ങൾ വർധിക്കുന്നു
സമീപകാലത്ത് യുവാക്കൾ വനംവകുപ്പിൻ്റെ മുന്നറിയിപ്പുകൾ അവഗണിച്ച് വനമേഖലകളിലേക്ക് കടക്കുന്നത് വൻതോതിൽ വർധിച്ചിട്ടുണ്ട്. ഇൻസ്‌റ്റഗ്രാം റീലുകൾക്കും യൂട്യൂബ് വ്ലോഗുകൾക്കും ലൈക്കുകൾക്കും വേണ്ടി ആരും കാണാത്ത ഉൾവനങ്ങളിലെ വ്യൂ പോയിൻ്റുകളും വെള്ളച്ചാട്ടങ്ങളും തേടി യുവാക്കൾ കാടുകയറുന്നുണ്ട്. കൃത്യമായ റൂട്ടുകളോ വനത്തെക്കുറിച്ചുള്ള അറിവോ ഇല്ലാതെ പോകുന്ന യുവാക്കൾ ഉൾവനങ്ങളിൽ കുടുങ്ങിപ്പോകുന്ന സംഭവങ്ങൾ പതിവാണ്. ആന, കടുവ, പുലി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ സഞ്ചാരപഥങ്ങളിലേക്ക് ഇത്തരം സംഘങ്ങൾ പ്രവേശിക്കുന്നത് മനുഷ്യ-വന്യജീവി സംഘർഷങ്ങൾ വർധിക്കാൻ കാരണമാകുന്നുവെന്നാണ് കണ്ടെത്തൽ.
വനത്തിൽ കുടുങ്ങിയ പ്രധാന സംഭവങ്ങൾ
2022ലാണ് മലമ്പുഴ ചേറാട് കുറുമ്പാച്ചി മലയിൽ വനംവകുപ്പിൻ്റെ അനുമതിയില്ലാതെ കയറിയ ആർ ബാബു എന്ന 23കാരൻ മലയിടുക്കിൽ കുടുങ്ങിയത്. 45 മണിക്കൂറിലധികം ഭക്ഷണവും വെള്ളവുമില്ലാതെ ബാബു മലയിടുക്കിൽ കഴിഞ്ഞു. സൈന്യത്തിൻ്റെ പ്രത്യേക സംഘമെത്തിയാണ് ബാബുവിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. വനത്തിൽ അതിക്രമിച്ചുകയറിയതിന് ബാബുവിനും സുഹൃത്തുക്കൾക്കുമെതിരെ കേരള ഫോറസ്‌റ്റ് ആക്‌ട് സെക്ഷൻ 27 പ്രകാരം വനംവകുപ്പ് കേസെടുത്തിരുന്നു.
2022ൽ തന്നെയാണ് മൂന്നാറിലെ നിരോധിത വനമേഖലയിലൂടെ വനംവകുപ്പിൻ്റെ അനുമതിയില്ലാതെ ട്രെക്കിങ് നടത്തിയ 17 അംഗ വിനോദസഞ്ചാരികളുടെ സംഘത്തിലെ ഒരു യുവാവ് അപകടത്തിൽപ്പെട്ടത്. 600 അടി താഴ്‌ചയുള്ള കൊക്കയിലേക്ക് വീണ് 25കാരൻ മരിച്ചിരുന്നു. 2021ലാണ് വയനാട് മേപ്പാടി റേഞ്ചിലെ സ്വകാര്യ റിസോർട്ട് ഒരുക്കിയ താത്‌കാലിക ടെൻ്റിൽ താമസിച്ച വിനോദസഞ്ചാരികൾക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. കണ്ണൂർ സ്വദേശിയായ 26കാരി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളോ വനംവകുപ്പിൻ്റെ അനുമതിയോ ഇല്ലാതെ വനത്തിനോട് ചേർന്ന പ്രദേശത്ത് ടെൻ്റുകൾ സ്ഥാപിച്ചതായിരുന്നു ദുരന്തത്തിന് കാരണം.
വയനാട് വൈൽഡ്‌ലൈഫ് സാങ്ച്വറിയിലെ പോത്തുമൂല എമ്മിടി വനത്തിനുള്ളിൽ അനുമതിയില്ലാതെ ഇൻസ്‌റ്റഗ്രാം റീലുകൾ ചിത്രീകരിക്കാൻ കയറിയ ആറ് യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുത്തു. കൂടാതെ, കോഴിക്കോട് വെള്ളരിമല റിസർവ് വനത്തിൽ സോഷ്യൽ മീഡിയ ദൃശ്യങ്ങൾ കണ്ട് പ്രചോദനം ഉൾക്കൊണ്ട് ട്രെക്കിങ്ങിന് പോയ എട്ട് യുവാക്കളെ വനംവകുപ്പ് പിടികൂടി കേസ് രജിസ്‌റ്റർ ചെയ്‌തു. അതേസമയം, കോഴിക്കോട് വിലങ്ങാട് വനത്തിൽ വനംവകുപ്പിൻ്റെ അനുമതിയില്ലാതെ കയറി വഴിതെറ്റി കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി വനംവകുപ്പ് കസ്‌റ്റഡിയിലെടുത്തു.







