മുംബൈ: മഹാരാഷ്ട്രയിൽ മുൻസിപ്പൽ കോർപ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഏക്‌നാഥ് ഷിൻഡെ പക്ഷമായ ശിവസേന ബിജെപി സഖ്യം ലീഡ് തുടരുന്നു. 2869 വാർഡുകളിലേക്ക് നടന്ന മത്സരത്തിൽ 531 ഇടത്ത് ബിജെപി മുന്നിലാണ്. രാജ്യത്തെ ഏറ്റവും സമ്പന്നമായ മുംബൈ കോർപ്പറേഷനിൽ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്.
മഹായുതി സഖ്യമായ ഭാരതീയ ജനതാ പാർട്ടി (ബിജെപി), ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന എന്നിവ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ (ബിഎംസി) ലീഡ് ചെയ്യുന്നുണ്ട്. മുംബൈയിലെ ഏകദേശം 117 വാർഡുകളിൽ സഖ്യം മുന്നിലാണ്. നാഗ്‌പൂര്‍, പൂനെ, നാസിക്, താനെ എന്നിവിടങ്ങളിലും ബിജെപി സഖ്യത്തിനാണ് മുന്‍തൂക്കം. അതേസമയം കോൺഗ്രസ് പാർട്ടി 10 സീറ്റുകളിൽ മാത്രം ലീഡ് നേടി ദയനീയ പ്രകടനം തുടരുന്നു. താക്കറെ സഹോദരന്മാർ ഒന്നിച്ചതോടെ വൻ മുന്നേറ്റമാണ് മുംബൈ കോർപ്പറേഷനിൽ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിൻ്റേത്.
അതേസമയം വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ രംഗത്തെത്തി. പോളിങ്ങിന് പുരട്ടിയത് പേനയുടെ മഷിയാണെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഉദ്ധവ് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പു കമ്മിഷണറെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുള്ളത്.
ഏതാണ്ട് കാൽ നൂറ്റാണ്ടായി മുംബൈ നഗരസഭ കൈയാളുന്ന ഉദ്ധവ് താക്കറെ പക്ഷത്തിന് ഇത് ജീവൻ മരണ പോരാട്ടമാണ്. രാജ് താക്കറേയുടെ എംഎൻഎസും ശരദ് പവാർ പക്ഷമായ എൻസിപിയുമായി ചേർന്നാണ് ഉദ്ധവ് പക്ഷം മത്സരിക്കുന്നത്. കോണ്‍ഗ്രസ് തനിച്ചാണ്. ഏക്‌നാഥ് ഷിൻഡെ പക്ഷമായ ശിവസേനയും ബിജെപിയും സഖ്യത്തിലാണ്. 15,931 സ്ഥാനാർഥികളുടെ വിധി നിർണയിക്കാൻ ആകെ 3.48 കോടി വോട്ടർമാരാണുള്ളത്. മുംബൈയിൽ 227 സീറ്റുകളിലേക്കായി 1700 സ്ഥാനാർഥികളാണ് ഉള്ളത്.






