മഹാശിവരാത്രി പ്രമാണിച്ച് ബെംഗളൂരുവിൽ മാംസ വിൽപനയ്ക്ക് വിലക്കേർപ്പെടുത്തി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) യുടേതാണ് ഉത്തരവ്. ശിവരാത്രി ദിവസമായ ഫെബ്രുവരി 15ന് അറവുശാലകളിൽ മൃഗങ്ങളെ കൊല്ലുന്നതും കടകളിൽ മാംസം വിൽക്കുന്നതും പൂർണമായും നിരോധിക്കുമെന്ന് ജിബിഎ അറിയിച്ചു.
- മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിൽ നിയന്ത്രണം.
- മൃഗങ്ങളെ അറുക്കുന്നതിനും ഇറച്ചി വിൽക്കുന്നതിനും താൽക്കാലിക വിലക്ക് ഏർപ്പെടുത്തി.
- ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) യുടേതാണ് നടപടി.
“മഹാശിവരാത്രി ദിനത്തിൽ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ അധികാരപരിധിയിലുടനീളമുള്ള അറവുശാലകളിൽ മൃഗങ്ങളെ കൊല്ലുന്നതും കടകളിൽ മാംസം വിൽക്കുന്നതും പൂർണമായും നിരോധിക്കും. ജിബിഎയിലെ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഈ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പൗരന്മാരോടും മാംസ വിൽപ്പനക്കാരോടും ഈ ഉത്തരവിനോട് സഹകരിക്കാനും പാലിക്കാനും അഭ്യർഥിക്കുന്നു”- ജിബിഎ ഉത്തരവ് പങ്കുവെച്ച് എക്സിൽ കുറിച്ചു.
അതേസമയം ഇത്തരം മതപരമായ ആഘോഷവേളകളിൽ മാംസാഹാര വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് രാജ്യത്ത് ആദ്യമല്ല. കഴിഞ്ഞ ദിവസം അയോധ്യയിൽ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഓൺലൈൻ വഴിയുള്ള ഇറച്ചി വിൽപനയ്ക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശിവരാത്രി പ്രമാണിച്ച് ജമ്മു കശ്മീരിലെ റിയാസിയിൽ മദ്യം വിൽക്കുന്നതും കൈവശം വെക്കുന്നതും നിരോധിച്ചിട്ടുണ്ട്.
ഇതിന് മുൻപും സമാനമായ നിയന്ത്രണങ്ങൾ പലയിടത്തും ഉണ്ടായിട്ടുണ്ട്. ഹൈദരാബാദിൽ ദുർഗാ പൂജ, ഗാന്ധി ജയന്തി തുടങ്ങിയ ദിവസങ്ങളിൽ ഇറച്ചിക്കടകൾ അടച്ചിടാൻ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ നിർദേശം നൽകിയിരുന്നു. അതുപോലെ, 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഒഡീഷയിലെ കോരാപുട്ട് ജില്ലയിലും മാംസാഹാര വിൽപനയ്ക്ക് ഒരു ദിവസത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നു.
ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രാധാന്യമുള്ള ഉത്സവമാണ് ശിവരാത്രി. ഇരുട്ടിനെയും അജ്ഞതയെയും അതിജീവിക്കുന്നതിൻ്റെ പ്രതീകമായി ഈ ആഘോഷം കണക്കാക്കുന്നു. ശിവനും പാർവതിയും തമ്മിലുള്ള ദിവ്യമായ വിവാഹത്തിൻ്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ ദിവസം. ഭക്തർ ഉപവാസം, പ്രാർഥന, ക്ഷേത്ര ദർശനം എന്നിവയിലൂടെയാണ് ഇത് ആഘോഷിക്കുന്നത്.
ബെംഗളൂരു – വിജയപുരം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ
ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു സർ എം വിശ്വേശ്വര ടെർമിനലിനും വിജയപുരയ്ക്കും ഇടയിൽ സൗത്ത് വെസ്റ്റേൺ റെയിൽവേ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. ഫെബ്രുവരി 13ന് ട്രെയിൻ നമ്പർ 06503 ബെംഗളൂരു സർ എം വിശ്വേശ്വര ടെർമിനലിൽനിന്ന് രാത്രി ഏഴേകാലിന് പുറപ്പെട്ട് 14ന് രാവിലെ ഏഴേകാലിന് വിജയപുരയിൽ എത്തിച്ചേരും. ഫെബ്രുവരി 16ന് ട്രെയിൻ നമ്പർ 06504 വിജയപുരയിൽനിന്ന് വൈകുന്നേരം അഞ്ചരയ്ക്ക് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ ആറരയ്ക്ക് സർ എം വിശ്വേശ്വര ടെർമിനലിൽ എത്തിച്ചേരും.








