2026-27 കേന്ദ്ര ബജറ്റില്‍ മാനസികാരോഗ്യ കേന്ദ്രത്തിന് പ്രത്യേക പരിഗണന. മികച്ച മാനസികരോഗ്യ ചികിത്സയും കൗൺസിലിങും ലഭിക്കുന്നതിനായി ഉത്തരേന്ത്യയില്‍ നിംഹാൻസ് 2.0 സ്ഥാപിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
2026-27 കേന്ദ്ര ബജറ്റില്‍ ആരോഗ്യ മേഖലയില്‍ നിരവധി പ്രഖ്യാപനങ്ങളാണ് ഉണ്ടായത്. പ്രമേഹ മരുന്നുകളുടെയും കാൻസർ മരുന്നകളുടെയും വില കുറയുന്നതും മെഡിക്കല്‍ ടൂറിസവും ഇതില്‍ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ആയുര്‍വേദം പോലുള്ള മേഖലയില്‍ വികസനങ്ങള്‍ നടത്തുന്നത് പോലെ തന്നെ മാനസികാരോഗ്യ പരിചരണത്തിനും ഊന്നല്‍ നല്‍കി കൊണ്ടായിരുന്നു ഇത്തവണത്തെ ബജറ്റ് അവതരണം.
രാജ്യത്തുടനീളം മികച്ച മാനസികരോഗ്യ ചികിത്സയും കൗൺസിലിങും ലഭ്യമാക്കുന്നതിനായി ഉത്തരേന്ത്യയിൽ നിംഹാൻസ് 2.0 , ദേശീയ ടെലി-മെൻ്റൽ ഹെൽത്ത് പ്രോഗ്രാം എന്നിവയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. രാജ്യത്തിൻ്റെ വലിയൊരു വിഭാഗത്തിന് മികച്ച മാനസികാരോഗ്യ സേവനങ്ങൾ നൽകുന്നതിനായാണ് ഇത്തവണ ഉത്തരേന്ത്യയില്‍ നിംഹാൻസ് സ്ഥാപിക്കുന്നത്.
മാനസികാരോഗ്യ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് നിംഹാന്‍സ്. ഫോൺ വഴിയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയും വ്യക്തികൾക്ക് മാനസികാരോഗ്യ കൗൺസിലിങ് നൽകുന്ന പരിപാടിയാണ് ദേശീയ ടെലി-മെൻ്റൽ ഹെൽത്ത് പ്രോഗ്രാം. ഈ മുഴുവൻ പരിപാടിയും സാങ്കേതികമായി ശക്തിപ്പെടുത്തുന്നതിന് ബാംഗ്ലൂർ ഐഐടിയ്ക്കാണ് ഉത്തരവാദിത്തമെന്നും അവര്‍ അറിയിച്ചു.
ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) ദേശീയ തലത്തിലുള്ള മികവിൻ്റെ കേന്ദ്രമായി കൂടുതൽ ശക്തിപ്പെടുത്തുമെന്നും അവർ പറഞ്ഞു. പുതിയ നിംഹാൻസ് 2 ഇന്ത്യയിലുടനീളം മാനസികാരോഗ്യ സേവനങ്ങളും ഗവേഷണങ്ങളും വ്യാപിപ്പിക്കാൻ സഹായിക്കുമെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്താണ് നിംഹാൻസ്?
മാനസികാരോഗ്യത്തിലും മസ്‌തിഷ്‌ക ശാസ്ത്രത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബെംഗളൂരുവിലെ ഒരു അറിയപ്പെടുന്ന സ്ഥാപനമാണ് നിംഹാൻസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) ബെംഗളൂരുവിൽ സ്ഥിതി ചെയ്യുന്നു. മാനസികാരോഗ്യം, ന്യൂറോളജിക്കൽ, ന്യൂറോ സർജിക്കൽ പരിചരണം എന്നിവയ്ക്കുള്ള ഇന്ത്യയിലെ മുൻനിര കേന്ദ്രമാണിത്.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ചികിത്സ, ഗവേഷണം, പരിശീലനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സൈക്യാട്രിസ്റ്റുകൾ, മനഃശാസ്ത്രജ്ഞർ, ന്യൂറോളജിസ്റ്റുകൾ, നഴ്‌സുമാർ, സാമൂഹിക പ്രവർത്തകർ എന്നിവർക്കുള്ള പരിശീലന കേന്ദ്രമാണിത്. മാനസികാരോഗ്യത്തെക്കുറിച്ചുള്ള ദേശീയ ചിന്താഗതി രൂപപ്പെടുത്തുന്ന ഒരു ഗവേഷണ സ്ഥാപനം കൂടിയാണ്.
നിംഹാൻസിൻ്റെ പ്രവർത്തനം മാനസികാരോഗ്യ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുക മാത്രമല്ല, രാജ്യം അവയെ എങ്ങനെ മനസിലാക്കുന്നു എന്ന് നിംഹാൻസിന് നിർവചിക്കാനും കഴിയും. മറ്റ് ആശുപത്രികൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത സങ്കീർണമായ കേസുകൾ വരെ നിംഹാന്‍സ് പരിഹരിക്കുന്നു. കടുത്ത വിഷാദം, അഡിക്‌ഷന്‍, ആത്മഹത്യാ പ്രവണത, കുട്ടികളിലെ ഡെവലപ്മെൻ്റൽ ഡിസോർഡറുകള്‍, അപസ്‌മാരം, ഡിമെൻഷ്യ, ന്യൂറോ സൈക്യാട്രിക് അവസ്ഥകൾ എന്നിവയ്‌ക്കെല്ലാം നിംഹാന്‍സില്‍ ചികിത്സ ലഭിക്കുന്നു.
പ്രകൃതി ദുരന്തങ്ങൾ, പൊതുജനാരോഗ്യ അടിയന്തരാവസ്ഥകൾ, സാമൂഹിക പ്രതിസന്ധികൾ എന്നിവ നേരിട്ട സമയത്ത് സംസ്ഥാന സർക്കാരുകൾ മാർഗനിർദേശത്തിനായി നിംഹാൻസിനെ സമീപിച്ചു. കാലക്രമേണ,ഏറ്റവും കഠിനമായ മാനസികാരോഗ്യ വെല്ലുവിളികൾ പരിഹരിക്കുന്ന ഇന്ത്യയിലെ എക കേന്ദ്രമായി നിംഹാൻസ് മാറി.
എന്തുകൊണ്ട് നിംഹാന്‍സിന് ഉത്തരേന്ത്യ തെരഞ്ഞെടുത്തു?
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാനസികരോഗ്യ കേന്ദമായ നിംഹാന്‍സ് ബെംഗംളൂരുവില്‍ മാത്രമാണ് ഉണ്ടായിരുന്നത്. വടക്കൻ, മധ്യ ഇന്ത്യ എന്നിവിടങ്ങളിലെ രോഗികൾക്ക് രോഗനിർണയത്തിനും ചികിത്സയ്ക്കുമായി ഇങ്ങോട്ടേക്ക് എത്തിച്ചേരുക എന്നത് വെല്ലുവിളിയാണ്. വടക്കേ ഇന്ത്യയിൽ മാനസികാരോഗ്യ സൗകര്യങ്ങളുടെ കുറവ് കണക്കിലെടുത്താണ് ബജറ്റിൽ നിംഹാൻസ് 2.0 സ്ഥാപിക്കാന്‍ പ്രഖ്യാപനമുണ്ടായത്. പുതിയ കേന്ദ്രം മാനസികാരോഗ്യ ചികിത്സയെയും ഡോക്‌ടർമാർക്കും കൗൺസിലർമാർക്കും പരിശീലനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
വടക്കേ ഇന്ത്യയിൽ നിന്നുള്ള രോഗികൾ പ്രത്യേക ചികിത്സയ്ക്കായി ദക്ഷിണേന്ത്യയിലേക്ക് പോകേണ്ടതിൻ്റെ ആവശ്യകത ഇത് ഇല്ലാതാക്കുകയും മേഖലയിലെ മാനസികാരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും. കൂടാതെ റാഞ്ചിയിലെയും തേസസ്‌പൂരിലെയും ദേശീയ മാനസികാരോഗ്യ സ്ഥാപനങ്ങളെ സർക്കാർ പ്രാദേശിക ഉന്നത സ്ഥാപനങ്ങളായി ഉയർത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിംഹാൻസ് 2.O എന്ന ആശയത്തിന് പിന്നില്‍
നിംഹാൻസ് 2.O സൃഷ്‌ടിക്കുക എന്ന ആശയം പെട്ടെന്ന് ഉണ്ടായതല്ല. ജനുവരി 29 ന് അവതരിപ്പിച്ച 2026 ലെ സാമ്പത്തിക സർവേയില്‍ ഇന്ത്യയിലെ ഏറ്റവും അടിയന്തര പൊതുജനാരോഗ്യ പ്രശ്‌നങ്ങളിലൊന്നായി മാനസികാരോഗ്യത്തെ എടുത്തുകാണിച്ചു. 15 നും 24 നും ഇടയിൽ പ്രായമുള്ള യുവാക്കള കേന്ദ്രീകരിച്ചാണ് സര്‍വേ നടത്തിയത്. സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗത്തലൂടെ വര്‍ധിച്ച് വരുന്ന ഉത്കണ്‌ഠ, വിഷാദം, ആത്മാഭിമാനം കുറയൽ, സൈബർ ഭീഷണിയിൽ നിന്നുള്ള സമ്മർദ്ദം എന്നിവയാണ് സര്‍വേയിലെ പ്രധാന വിഷയങ്ങള്‍.
മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഇപ്പോൾ ക്ലിനിക്കുകളിൽ മാത്രം കാണപ്പെടുന്ന ഒന്നല്ലെന്നും ഇന്ത്യയിലെ യുവാക്കളിൽ വലിയൊരു വിഭാഗത്തിൻ്റെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായി ഇവ മാറുകയാണെന്നും സർവേ സൂചിപ്പിക്കുന്നു.
നിംഹാൻസ് 2.0 – ലക്ഷ്യങ്ങള്‍
- വടക്കേ ഇന്ത്യയിലെ വലിയ ജനവിഭാഗങ്ങൾക്ക് നൂതന മാനസികാരോഗ്യ പരിചരണം സാധ്യമാക്കുക.
- മാനസികാരോഗ്യ പ്രൊഫഷണലുകൾക്കുള്ള പരിശീലന ശേഷി വികസിപ്പിക്കുക
- ഒരു പ്രാദേശിക ഗവേഷണ കേന്ദ്രമായി പ്രവർത്തിക്കുക






