പ്രിയദർശിനി പദ്ധതിക്ക് സർക്കാർ അനുമതി; ഉദ്ഘാടനം 15ന്,

0
44

തിരുവനന്തപുരം: ഇന്ദിരാ ഗ്യാരന്‍റിയുടെ ഭാഗമായി സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് സർക്കാർ ഔദ്യോഗിക അനുമതി നൽകി. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ അനുമതി നൽകിയതെന്ന് മന്ത്രി സി.പി. ജോൺ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

ആദ്യഘട്ടം ജൂൺ 15 മുതൽ

പദ്ധതിയുടെ ആദ്യ ഘട്ടമായി, 2026 ജൂൺ 15 മുതൽ പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി.യുടെ എല്ലാ ഓർഡിനറി സർവീസുകളിലും സൗജന്യ യാത്ര ലഭ്യമാകും. വരുമാനമോ സാമൂഹിക പദവിയോ ഉൾപ്പെടെ യാതൊരു മാനദണ്ഡവും ഇതിന് ബാധകമല്ല; പ്രത്യേക രേഖകളോ മുൻകൂർ രജിസ്‌ട്രേഷനോ ആവശ്യമില്ല. യാത്രയ്ക്കിടെ കണ്ടക്ടറിൽ നിന്ന് ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ (ETM) വഴി പൂജ്യം മൂല്യമുള്ള ‘പ്രിയദർശിനി’ ടിക്കറ്റ് കൈപ്പറ്റിയാൽ മതിയാകും. ഈ ടിക്കറ്റ് സംവിധാനത്തിലൂടെ ഓരോ യാത്രയുടെയും കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തപ്പെടുകയും, അതിന്‍റെ അടിസ്ഥാനത്തിൽ സുതാര്യമായ കണക്കെടുപ്പ് സാധ്യമാവുകയും ചെയ്യും.

സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2026 ജൂൺ 15-ന് രാവിലെ 8:30-ന് തമ്പാനൂർ ബസ് ടെർമിനലിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. ഉദ്ഘാടന സർവീസിന്‍റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള സാധാരണ വനിതാ യാത്രക്കാരും ഉദ്ഘാടന യാത്രയിൽ പങ്കാളികളാകും. ജൂൺ 15ന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തെ തുടർന്ന് രാവിലെ 9ന് സംസ്ഥാനത്തെ ഓരോ ഡിപ്പോയിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും.

ആകെ ഉള്ളത് 3,125 ഓർഡിനറി ബസുകൾ

കെ.എസ്.ആർ.ടി.സി.ക്ക് ആകെ 3,125 ഓർഡിനറി ബസ് സർവീസുകളാണ് ഉള്ളതെന്നും മന്ത്രി വ്യക്തമാക്കി. യാത്രാച്ചെലവ് ലാഭിക്കുന്ന തുക ഓരോ കുടുംബത്തിന്‍റെയും കൈയിലെത്തുന്ന നേരിട്ടുള്ള വരുമാനമായി മാറും എന്നതാണ് പദ്ധതിയുടെ പ്രധാന സാമൂഹിക-സാമ്പത്തിക നേട്ടം. കെ.എസ്.ആർ.ടി.സി. യാത്രക്കാരിൽ ഏതാണ്ട് പകുതിയോളം സ്ത്രീകളാണ് എന്നതിനാൽ പദ്ധതിയുടെ ഗുണഫലം സംസ്ഥാനത്തെ ഓരോ വീട്ടിലും നേരിട്ടെത്തും.

സ്വകാര്യ വാഹനങ്ങളിൽ നിന്ന് പൊതുഗതാഗതത്തിലേക്കുള്ള മാറ്റം ഇന്ധന ഉപഭോഗവും കാർബൺ ബഹിർഗമനവും ഗതാഗതക്കുരുക്കും കുറയ്ക്കും. കേരളത്തിന്‍റെ ഹരിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പ് കൂടിയാണ് ഈ പദ്ധതി. പദ്ധതിയുടെ നിർവ്വഹണ ഫലവും നടപ്പാക്കൽ രീതിയുടെ കാര്യക്ഷമതയും വിലയിരുത്തിയ ശേഷം തുടർ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സ്ത്രീ സമൂഹത്തിന്‍റെ സഞ്ചാര സ്വാതന്ത്ര്യത്തിന്‍റെയും അന്തസ്സിന്‍റെയും പുതിയ അധ്യായമാണ് ‘പ്രിയദർശിനി’ തുറക്കുന്നത്.

നിരക്കിതര വരുമാനം വർധിപ്പിക്കും

കെ.എസ്.ആർ.ടി.സി. നിരക്കിതര വരുമാനം വർധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ പരസ്യങ്ങൾ, ബസ് സ്‌പോൺസർഷിപ്പ് തുടങ്ങിയ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കും. സ്‌പോൺസർഷിപ്പ് എങ്ങനെ വേണമെന്ന് ചർച്ച ചെയ്യും. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് തുടങ്ങിയ ഗ്രാമവണ്ടി സർവീസുകൾ വിപുലീകരിക്കും. നിലവിൽ 58 സർവീസുകളാണുള്ളത്. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതിനാൽ തന്നെ ലോജിസ്റ്റിക്‌സ് രംഗത്തേക്ക് സേവനം വ്യാപിപ്പിക്കാനും ആലോചനയുണ്ട്. പാഴ്‌സൽ സർവീസിന് പുറമേ, ചരക്ക് ഗതാഗതവും ആലോചിക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ അത് 500 വാഹനങ്ങളായി വർധിപ്പിക്കും. ഡിപ്പോ കേന്ദ്രീകരിച്ച് കമ്മിറ്റികൾ രൂപീകരിക്കും. എം.എൽ.എ, എം.പി, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവരെ കമ്മിറ്റികളിൽ ഉൾപ്പെടുത്തും.

കെ.എസ്.ആർ.ടി.സി. ധവളപത്രം പുറപ്പെടുവിക്കും

കോർപ്പറേഷൻ്റെ സ്ഥിതിവിവരങ്ങൾ വ്യക്തമാക്കുന്ന പ്രത്യേക ധവളപത്രം കെ.എസ്.ആർ.ടി.സി. മൂന്ന് മാസത്തിനുള്ളിൽ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയെ കാണുന്നത് പൊതുഗതാഗത സംവിധാനത്തിന്‍റെ ഭാഗമായാണ്. അവർക്ക് പിന്തുണ നൽകും. മൂന്നിലൊന്നായി സ്വകാര്യ ബസുകളുടെ എണ്ണം കുറഞ്ഞു. അവരോട് ശത്രുതയില്ലെന്നും നിക്ഷേപകരെന്ന നിലയിലുള്ള ബഹുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് നഗരവൽക്കരണം കൂടിയതോടെ പുതിയ റൂട്ടുകൾക്ക് സാധ്യതയേറി. പുതിയ റൂട്ടുകൾ സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. അത് കണ്ടെത്തി ഉണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here