കൃത്രിമ പാൽ ഉത്‌പാദന കേന്ദ്രം പൂട്ടിച്ചു; 3000 ലിറ്ററിലധികം പിടിച്ചെടുത്തു,

0
6

ഗുജറാത്തിൽ കൃത്രിമ പാൽ ഉത്‌പാദന കേന്ദ്രം അടച്ചുപൂട്ടി. ഒരാൾ കസ്‌റ്റഡിയിൽ. സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്‌ഒജി) നടത്തിയ റെയ്‌ഡിലാണ് സംഭവം വെളിച്ചത്തായത്. കലാഭായ് കർമ്മതയെയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിലാണ് സംഭവം.

 

പിടിച്ചെടുത്തത് 3000 ലിറ്ററിലധികം: പാൽ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാം ഓയിൽ, മാൾട്ടോഡെക്‌സ്‌ട്രിൻ (സ്റ്റാർച്ച് പൗഡർ), യൂറിയ എന്നിവ ഉൾപ്പെടെയുള്ള വസ്‌തുക്കളും എസ്‌ഒജി സംഘം പിടിച്ചെടുത്തു. ഏകദേശം 3,120 ലിറ്റർ പാലാണ് സംഘം പിടിച്ചെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ പാൽ ഉണ്ടാക്കുന്ന പൗഡർ, അമുൽ പാൽപ്പൊടി, ഗ്യാസ് സിലിണ്ടറുകൾ എന്നിവയും അധികൃതർ കണ്ടെടുത്തു. മൊത്തം 4.45 ലക്ഷം രൂപയുടെ കൃത്രിമ പാലാണ് കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ചോദ്യം ചെയ്യലിൽ, വിവിധ പ്രദേശങ്ങളിൽ പാൽ വിതരണം ചെയ്യുന്നുണ്ടെന്ന് കലാഭായ് കർമ്മത പൊലീസിനോട് പറഞ്ഞു. രാവിലെ ഏകദേശം 3,000 ലിറ്ററും വൈകുന്നേരം 3,000 ലിറ്ററും പാൽ വിറ്റിരുന്നതായി പ്രതി വെളിപ്പെടുത്തി. അസംസ്‌കൃത വസ്‌തുക്കളുടെ ഉറവിടം അന്വേഷിക്കുകയും വിതരണ ശൃംഖല തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു. ‘ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ല. പൊതുജനാരോഗ്യം കുട്ടിക്കളിയല്ലെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി എടുക്കുമെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് ജയ്‌ദിപ് സിങ് ജഡേജ പറഞ്ഞു’.

ചെറിയ അളവിൽ മാത്രമാണ് യതാർഥ പാൽ ഉപയോഗിക്കുക. യൂറിയയും സംസ്‌കരിച്ച പൊടികളും സംയോജിപ്പിച്ചാണ് കൃത്രിമ പാൽ നിർമിക്കുന്നതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ഇത് ഉപഭോക്താക്കൾക്ക് ഗുരുതരമായ സുരക്ഷാ ആശങ്കകൾ ഉയർത്തുന്നു. സാമ്പിളുകൾ ലബോറട്ടറി പരിശോധനക്കായി അയച്ചുവെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ നിയമ നടപടികൾ ആരംഭിച്ചതായും വരും ദിവസങ്ങളിലും സമാനമായ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടപടി തുടരുമെന്നും പൊലീസ് ഉറപ്പ് നൽകി.

കൃത്രിമ പാൽ എങ്ങനെ തിരിച്ചറിയാം

  • പാലിൽ വെള്ളം ചേർത്താൽ: ഒരു തുള്ളി പാൽ മിനുസമുള്ള ചരിഞ്ഞ പ്രതലത്തിൽ വയ്ക്കുക. ശുദ്ധമായ പാൽ താഴോട്ട് സാവധാനം ഒഴുകി പോകും. ശേഷം ഒഴുകിയ പാൽ ഒരു വെള്ള വരെ പോലെ കാണും. എന്നാൽ വെള്ളം ചേർത്ത പാൽ പെട്ടെന്ന് ഒഴുകുകയും വെളുത്ത വര കാണുകയുമില്ല.
  • നല്ല പാലും കൃത്രിമ പാലും തിരിച്ചറിയുന്ന വിധം: കൃത്രിമ പാൽ വിരലുകൾക്കിടയിൽ വച്ച് ഉരച്ച് നോക്കിയാൽ ചിലപ്പോൾ സോപ്പിൻ്റെ വഴുവഴുപ്പ് ഉണ്ടാകും. കൃത്രിമ പാൽ ചൂടാക്കുമ്പോൾ‌ മഞ്ഞ നിറമായി മാറും. അത്‌ രുചിച്ച് നോക്കിയാൽ അതിന് നേരിയ കയ്‌പും രുചിയും ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here