മണലൂർ മുൻ എംഎൽഎയും ആയ പിഎ മാധവൻ അന്തരിച്ചു

0
1

തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും മണലൂർ മുൻ എംഎൽഎയും ആയ പിഎ മാധവൻ അന്തരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. എറണാകുളം റെനൈ മെഡിസിറ്റി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

മൃതദേഹത്തിൻ്റെ ഇൻക്വസ്റ്റ് നടപടിക്രമങ്ങൾ രാവിലെ ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം നടപടിക്രമങ്ങൾക്ക് ശേഷമായിരിക്കും ജന്മനാടായ തൃശൂരിലേക്ക് മൃതദേഹം കൊണ്ടുവരിക. ആദ്യം തൃശൂർ ഡിസിസി ഓഫിസിൽ പൊതുദർശനത്തിനുശേഷം മൃതദേഹം മുണ്ടൂരിലെ വസതിയിൽ എത്തിക്കും. സംസ്‌കാര സമയമടക്കമുള്ള കാര്യങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. 2011 – 2016 കാലയളവിലാണ് മണലൂർ മണ്ഡലത്തിൻ്റെ ജനപ്രതിനിധി ആയത്.

മുൻ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവായും ഡിസിസി പ്രസിഡൻ്റായും യൂത്ത് കോൺഗ്രസിൻ്റെ തൃശ്ശൂർ ജില്ലാ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കെപിസിസി നിർവാഹക സമിതി അംഗമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് മുണ്ടൂരിലെ വീടിന് സമീപത്തെ റോഡിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ പി എ മാധവന് ഗുരുതരമായി പരിക്കേൽക്കുന്നത്. അദ്ദേഹത്തെ ഇടിച്ച ശേഷം നിർത്താതെ പോയ കാർ അടുത്ത ദിവസമാണ് പൊലീസ് കണ്ടെടുത്തത്. സംഭവത്തിൽ തൃത്താല സ്വദേശിയെ അറസ്റ്റ് ചെയ്‌തിരുന്നു.

ഇന്ത്യൻ യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് (1968-, 1969), ഇന്ത്യൻ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി (1969, -1972), ഇന്ത്യൻ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി (1972, -1977), ഇന്ത്യൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് (1977, -1980), 2005– 2012 അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അംഗം, 2016–2017 ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, 2006–2011 ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ്, 1980-2006 ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, 2006–-2008 ഐക്യ ജനാധിപത്യ മുന്നണി (കേരളം) ജില്ലാ ചെയർമാൻ, 2006-2008 തൃശൂർ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് (2000-–2005). സീതാറാം സ്പിന്നിങ് ആൻഡ് വീവിങ് മിൽസ് ഡയറക്‌ടർ (1980-1983), മാള കോ-–ഓപ്പറേറ്റീവ് സ്‌പിന്നിങ് മിൽസ് ചെയർമാൻ (1996–-2002), മത്സ്യ വിൽപ്പന തൊഴിലാളി സഹകരണ സംഘം തൃശൂർ ജില്ലാ പ്രസിഡൻ്റ് (1994 മുതൽ) എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഇപ്പോൾ, നാഷണൽ ടെക്സ്റ്റൈൽ കോർപറേഷൻ ഷോ-റൂം എംപ്ലോയീസ് (കേരള), കേരള ലക്ഷ്‌മി മിൽസ് പുല്ലഴി എംപ്ലോയീസ് യൂണിയൻ, റെയിൽവേ ഗുഡ്സ്-ഷെഡ് വർക്കേഴ്‌സ് യൂണിയൻ, തൃശൂർ മുനിസിപ്പൽ കോർപറേഷൻ ഇലക്ട്രിസിറ്റി എംപ്ലോയീസ് യൂണിയൻ, തൃശൂർ കെഎസ്ഇബി തൊഴിലാളി യൂണിയൻ, ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ എംപ്ലോയീസ് യൂണിയൻ എന്നിവയുടെ പ്രസിഡൻ്റാണ്. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പുണ്ടായ അപകടത്തിൽ സംശയമുയർത്തി കുടുംബം നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്‌. ഭാര്യ: സാവിത്രി. മക്കൾ: സമോദ്, സമീർ. മരുമക്കൾ: ഹർഷ, ഐശ്വര്യ ലക്ഷ്‌മി.

LEAVE A REPLY

Please enter your comment!
Please enter your name here