ഓഗസ്റ്റ് 15 ആഘോഷത്തിനിടെ ദേശീയ പതാക വലിച്ചെറിയരുത്, അപമാനിച്ചാല്‍ പണി കിട്ടും! കർശന മുന്നറിയിപ്പുമായി കേന്ദ്രം

0
6
Indian Independence Day, including its historical significance, national symbols, celebrations, and the spirit of patriotism associated with the day. including its colors, symbolism, and significance

ന്യൂഡൽഹി: ദേശീയ പതാകയുടെ ഉപയോഗവും അത് ഉയർത്തുമ്പോൾ പാലിക്കേണ്ട നിയമങ്ങളും കർശനമായി നടപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അടിയന്തര നിർദേശം. ഓഗസ്റ്റ് 15ന് മുന്നോടിയായി കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയത്.

ദേശീയ, സാംസ്കാരിക, കായിക പരിപാടികൾക്ക് ശേഷം പേപ്പർ പതാകകൾ റോഡിലും പരിസരങ്ങളിലും വലിച്ചെറിയുന്ന പ്രവണത വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്രത്തിൻ്റെ ഈ ശക്തമായ ഇടപെടൽ. ദേശീയ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ച് പൊതുജനങ്ങൾക്കും ചില സർക്കാർ ഏജൻസികൾക്കും കൃത്യമായ അവബോധമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച ഔദ്യോഗിക സന്ദേശത്തിൽ വ്യക്തമാക്കുന്നു

വലിച്ചെറിയരുത്

ദേശീയ പ്രധാന്യമുള്ള ചടങ്ങുകളിൽ പൊതുജനങ്ങൾക്ക് പേപ്പർ പതാകകൾ വീശി ഉപയോഗിക്കാം. എന്നാൽ പരിപാടിക്ക് ശേഷം ഇവ നിലത്ത് ഉപേക്ഷിക്കാനോ വലിച്ചെറിയാനോ പാടില്ല. മാന്യമായ രീതിയിൽ ഇവ സംസ്കരിക്കണം.

പകലും രാത്രിയും ഉയർത്താം

2022 ജൂലൈ 19-ലെ ഫ്ലാഗ് കോഡ് ഭേദഗതി പ്രകാരം പൊതുജനങ്ങൾക്കോ സ്വകാര്യ സ്ഥാപനങ്ങൾക്കോ വീടുകളിലോ തുറസായ സ്ഥലങ്ങളിലോ പതാക പകലും രാത്രിയും ഒരുപോലെ ഉയർത്താം.

തുണിത്തരങ്ങൾ

നെയ്തതോ മെഷീൻ നിർമ്മിതമോ ആയ കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക് അല്ലെങ്കിൽ ഖാദി തുണികൾ മാത്രമേ പതാകയ്ക്കായി ഉപയോഗിക്കാവൂ.

കേടുപാടുകൾ പാടില്ല

കീറിയതോ നിറം മങ്ങിയതോ ആയ പതാകകൾ യാതൊരു കാരണവശാലും ഉയർത്താൻ പാടില്ല.

സ്ഥാനം

ദേശീയ പതാക എപ്പോഴും മറ്റ് പതാകകൾക്ക് മുകളിലോ അതിനൊപ്പമോ വരാൻ പാടില്ല. പതാകയ്ക്ക് എപ്പോഴും പ്രമുഖവും ആദരണീയവുമായ സ്ഥാനം നൽകണം. ഒരേ കൊടിമരത്തിൽ മറ്റ് പതാകകൾക്കൊപ്പം ദേശീയ പതാക ഉയർത്തരുത്.

വാഹനങ്ങളിലെ ഉപയോഗം

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ തുടങ്ങിയ വിശിഷ്ട വ്യക്തികളുടെ ഔദ്യോഗിക വാഹനങ്ങളിൽ മാത്രമേ ദേശീയ പതാക ഉപയോഗിക്കാൻ അനുമതിയുള്ളൂ. മറ്റ് സ്വകാര്യ വാഹനങ്ങളിൽ ഇത് പാടില്ല. “ഇന്ത്യൻ ദേശീയ പതാക രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും പ്രതീകമാണ്. അതിനാൽ അതിന് എപ്പോഴും പരമോന്നത ബഹുമതി നൽകണം,” എന്ന് കേന്ദ്ര അണ്ടർ സെക്രട്ടറി കമലേഷ് രവിദാസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ദേശീയ പതാകയെ ആദരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ വൻതോതിൽ അവബോധം സൃഷ്ടിക്കാനും പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ വിപുലമായ പ്രചാരണം നൽകാനും സംസ്ഥാനങ്ങളോട് കേന്ദ്ര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

3 വർഷം വരെ തടവും കടുത്ത പിഴയും; നിയമങ്ങൾ അറിയാം

രാജ്യത്തിൻ്റെ അഭിമാന ചിഹ്നമായ ദേശീയ പതാകയോട് അനാദരവ് കാട്ടുന്നത് നിസാരമായി കാണാനാകില്ല. രാജ്യം നൽകുന്ന പരമോന്നത ബഹുമതിയും ആദരവും പതാകയ്ക്ക് നൽകിയില്ലെങ്കിൽ കാത്തിരിക്കുന്നത് കടുത്ത ശിക്ഷാ നടപടികളാണ്. 1971-ലെ ‘ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയൽ നിയമം’ അനുസരിച്ച് ദേശീയ പതാകയെ അപമാനിക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്.

ശിക്ഷാ നടപടികൾ എന്തൊക്കെ?

ദേശീയ പതാകയെ പരസ്യമായി കത്തിക്കുകയോ, വികൃതമാക്കുകയോ, മലിനമാക്കുകയോ, ചവിട്ടുകയോ, അല്ലെങ്കിൽ വാക്കാലോ പ്രവൃത്തിയാലോ മറ്റേതെങ്കിലും രീതിയിൽ അപമാനിക്കുകയോ ചെയ്താൽ 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. തടവിനൊപ്പം കനത്ത പിഴയും ഒന്നിച്ച് ചുമത്തപ്പെടാം. ഒരിക്കൽ കുറ്റം ചെയ്ത വ്യക്തി വീണ്ടും ഇതേ കുറ്റം ആവർത്തിച്ചാൽ കുറഞ്ഞത് ഒരു വർഷം തടവും കടുത്ത പിഴയും നിർബന്ധമായും അനുഭവിക്കേണ്ടി വരും.

പതാക കോഡ് പ്രകാരം ഇവയെല്ലാം ഗുരുതരമായ കുറ്റങ്ങൾ:

  • വസ്ത്രമായി ഉപയോഗിക്കരുത്: ദേശീയ പതാക വസ്ത്രമായോ, യൂണിഫോമായോ, ശരീരത്തിൽ ചുറ്റിക്കെട്ടാനോ ഉപയോഗിക്കാൻ പാടില്ല. തലയിണ, കർച്ചീഫ്, മറ്റ് വസ്ത്രങ്ങൾ എന്നിവയിൽ ഇത് തുന്നിപ്പിടിപ്പിക്കുന്നതും കുറ്റകരമാണ്.
  • നിലത്തോ വെള്ളത്തിലോ തൊടരുത്: പതാക ഉയർത്തുമ്പോഴോ താഴ്ത്തുമ്പോഴോ അത് യാതൊരു കാരണവശാലും നിലത്തോ വെള്ളത്തിലോ മുട്ടാൻ പാടില്ല.
  • വസ്തുക്കൾ പൊതിയാൻ പാടില്ല: ഏതെങ്കിലും സാധനങ്ങൾ കൊണ്ടുപോകാനോ, കെട്ടിപ്പൂട്ടാനോ, കെട്ടിടങ്ങൾ അലങ്കരിക്കാനോ പതാക ഉപയോഗിക്കരുത് (എന്നാൽ രക്തസാക്ഷികളായ ജവാന്മാരുടെയും വിശിഷ്ട വ്യക്തികളുടെയും ഭൗതികശരീരം ആദരവോടെ പുതപ്പിക്കാൻ ഉപയോഗിക്കാം).
  • വാഹനങ്ങളിൽ നിയമവിരുദ്ധ ഉപയോഗം: രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ തുടങ്ങിയ ഭരണഘടനാ പദവിയിലുള്ള പ്രമുഖ വ്യക്തികൾക്ക് ഒഴികെ മറ്റാർക്കും തങ്ങളുടെ സ്വകാര്യ വാഹനങ്ങളിൽ ദേശീയ പതാക കെട്ടാൻ അനുമതിയില്ല.
  • എഴുത്തുകൾ പാടില്ല: പതാകയ്ക്ക് മുകളിൽ ഏതെങ്കിലും തരത്തിലുള്ള ചിത്രങ്ങളോ അക്ഷരങ്ങളോ എഴുതാൻ പാടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here