ഗിരീഷ് പുത്തഞ്ചേരിയുടെ വിയോഗം സംഗീത പ്രേമികള്‍ക്ക് ഇന്നും വലിയ നഷ്ടമാണ്. എങ്കിലും അദ്ദേഹം സമ്മാനിച്ച ഗാനങ്ങളും കവിതകളും മലയാളികളുടെ കൂട്ടായ ഓര്‍മ്മകളില്‍ അനശ്വരമായി തുടരുന്നു. ഗിരീഷ് പുത്തഞ്ചേരി ഓര്‍മയായിട്ട് ഇന്നേയ്ക്ക് 16 വര്‍ഷം.
മലയാളത്തിന്റെ പ്രിയ പാട്ടെഴുത്തുകാരൻ ഗിരീഷ് പുത്തഞ്ചേരി മറഞ്ഞിട്ട് ഇന്നേയ്ക്ക് 16 വര്‍ഷം. പ്രണയവും വിരഹവും കാത്തിരിപ്പുമൊക്കെയായുള്ള അതിമനോഹരമായ വരികളെഴുതി മലയാളികളുടെ ഹൃദയത്തില്‍ ഇന്നും ജീവിക്കുന്ന കവിയാണ് അദ്ദേഹം. ആ കവിയുടെ പാട്ടുകള്‍ മൂളാതെ ഒരു മലയാളിക്ക് ഒരു ദിവസം പൂര്‍ത്തിയാക്കാനാകുമോ! അത്രയേറെ നമ്മുടെ നെഞ്ചോടു ചേര്‍ന്നുകിടക്കുന്ന പാട്ടെഴുത്തുകാരനാണദ്ദേഹം.
ഗിരീഷ് പുത്തഞ്ചേരിയെ ഓര്‍ക്കുമ്പോള്‍ ഒട്ടേറെ ഗാനങ്ങളായിരിക്കും ഓരോരുത്തരുടെയും ഉള്ളില്‍ ഓടിയെത്തുക. പ്രണയമോ, വിരഹമോ, കാത്തിരിപ്പോ, കരച്ചിലോ എന്തുമാകട്ടെ ഏതു ജീവിതസന്ദർഭത്തിനും അനുയോജ്യമായ പാട്ടുകളെഴുതിയാണ് ഓരോ സംഗീത പ്രേമിയുടെയും ഉള്ളില്‍ ഗിരീഷ് പുത്തഞ്ചേരി ഇടം പിടിച്ചത്.
ചിലര്‍ക്ക് സമ്മർ ഇൻ ബത്‍ലഹേമിലെ എത്രയോ ജന്മമായി എന്നായിരിക്കും, മറ്റു ചിലര്‍ക്ക് ഹരിമുരളീരവം എന്നായിരിക്കും, വിരഹ ഭാരം പേറുന്നവര്‍ക്കാണെങ്കില്‍ രണ്ടാംഭാവത്തിലെ മറന്നിട്ടുമെന്തിനോ എന്ന ഗാനമായിരിക്കും, നഷ്‌ടങ്ങളെ കുറിച്ചാണെങ്കില്‍ ആകാശ ദീപങ്ങള്‍ സാക്ഷിയും ഇന്നലെ എന്‍റെ നെഞ്ചിലെ മണ്‍വിളക്കുമൊക്കെ, അമ്മ മഴക്കാറുമൊക്കെ മനസിലൂടെ കടന്നു പോകും. ഭക്തിഗാനത്തോടെ ദിവസം തുടങ്ങുന്നവരാണെങ്കില്‍ കാര്‍മുകില്‍ വര്‍ണന്‍റെ ചുണ്ടില്‍ അങ്ങനെ എത്രയെത്ര ഗാനങ്ങളാണ് ആ സുവര്‍ണ കലാകാരന്‍റെ തൂലികയിലൂടെ പിറന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ ഗിരീഷ് പുത്തഞ്ചേരി എന്നു പറയുമ്പോള്‍ പലര്‍ക്കും പലതാണ് പലരാഗങ്ങളും നെഞ്ചോട് ചേര്‍ത്തു വയ്ക്കുന്ന ഒത്തിരി ഗാനങ്ങളും.
മലയാളിയുടെ ഹൃദയത്തില്‍ ജീവിക്കുന്ന ഗാനരചയിതാവ്
പ്രണയത്തിന്‍റെ മൃദുലതയും വിരഹത്തിന്‍റെ ആഴവും ജീവിതത്തിന്‍റെ സത്യസന്ധതയും അതിമനോഹരമായി വരികളിലൊതുക്കിയ കവിയായിരുന്നു ഗിരീഷ് പുത്തഞ്ചേരി. സാധാരണ മനുഷ്യരുടെ വികാരങ്ങളെ അതീവ ലളിതവും സംഗീതാത്മകവുമായ ഭാഷയില്‍ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്‍റെ കഴിവ് മലയാള ഗാനരചനയ്ക്ക് പുതിയൊരു സൗന്ദര്യബോധം നല്‍കി.
ഒ.എൻ.വി. കുറുപ്പ് കഴിഞ്ഞാൽ ഗിരീഷ് പുത്തഞ്ചേരിക്കാണ് മികച്ച ഗാനരചയിതാവിനുള്ള സംസ്‌ഥാന പുരസ്‌കാരം ഏറ്റവും കൂടുതൽ തവണ (ഏഴുവട്ടം) ലഭിച്ചത്. ഏകദേശം 2500 ഗാനങ്ങളാണ് ഗിരീഷ് പുത്തഞ്ചേരി മലയാളിക്കു സമ്മാനിച്ചത്. ഇനിയും ഏറെ എഴുതാനുണ്ടായിരുന്നു ആ അനശ്വര കവിക്ക്. കാലം ആ മൺവിളക്കു നേരത്തെ ഊതിക്കെടുത്തിയെങ്കിലും അദ്ദേഹമെഴുതി വച്ച വരികള്‍ ഇന്നും മലയാളികളുടെ ഉള്ളില്‍ കനക മുന്തിരി പോലെ കൊരുത്തുകിടപ്പുണ്ട് ഇപ്പോഴും.
ചിത്രഗീതങ്ങളിലൂടെ മാത്രം അല്ല, കവിതകളിലൂടെയും ലേഖനങ്ങളിലൂടെയും അദ്ദേഹം തന്‍റെ സര്‍ഗാത്മകതയെ അടയാളപ്പെടുത്തി. ഇന്നും അദ്ദേഹത്തിന്‍റെ പാട്ടുകള്‍ തലമുറകള്‍ കടന്ന് കേള്‍ക്കപ്പെടുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് കാലം ബാധകമല്ല, അവ മനുഷ്യഹൃദയത്തിന്‍റെ ആഴങ്ങള്‍ ചെന്നിറങ്ങിയവയാണ്.
സിനിമാ സംഗീതത്തെ വികാരപരമായി സമ്പന്നമാക്കിയ ഈ മഹാകവിയുടെ വിയോഗം മലയാളികള്‍ക്ക് ഇന്നും വലിയ നഷ്ടമാണ്. എങ്കിലും അദ്ദേഹം സമ്മാനിച്ച ഗാനങ്ങളും കവിതകളും മലയാളികളുടെ കൂട്ടായ ഓര്‍മ്മകളില്‍ അനശ്വരമായി തുടരുന്നു. 16 വര്‍ഷങ്ങള്‍ക്കിപ്പുറം, ഗിരീഷ് പുത്തഞ്ചേരി എന്ന പേര് ഇന്നും സ്നേഹത്തോടെ മലയാളികള്‍ ഉച്ചരിക്കുന്നു—ഒരു കാലാതീത കലാകാരനായി.
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഏതൊരാള്‍ക്കും എളുപ്പം മനസിലാവുന്ന വരികളായിരുന്നു ഗിരീഷ് പുത്തഞ്ചേരിയുടേത്. അവയ്ക്ക് അനുഗൃഹീതരായ സംഗീത സംവിധായകർ നല്ല ഈണങ്ങള്‍ നല്‍കിയപ്പോള്‍ അവ ചെന്നു പതിച്ചത് ഓരോ മലയാളിയുടെയും ഹൃദയത്തിലാണ്. രവീന്ദ്രൻ മാഷും വിദ്യാസാഗറും എം.ജയചന്ദ്രനുമൊക്കെ പുത്തഞ്ചേരിയെ അനശ്വരനാക്കി നിർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചവരാണ്.
ആകാശവാണിയില്‍ ലളിതഗാനങ്ങള്‍ രചിച്ചാണ് ഗിരീഷ് പുത്തഞ്ചേരി പാട്ടെഴുത്തിന് തുടക്കമിടുന്നത്. പിന്നെ ചലച്ചിത്രരംഗത്തേക്ക് കടന്നു. ആദ്യകാലത്ത് ചില ചിത്രങ്ങളിൽ പാട്ടെഴുതിയെങ്കിലും ‘ജോണി വാക്കർ’ എന്ന മമ്മൂട്ടിച്ചിത്രത്തിലെ ‘ശാന്തമീ രാത്രിയിൽ’ എന്ന ഹിറ്റ് ഗാനത്തോടെയാണ് ഗിരീഷ് പുത്തഞ്ചേരി എന്ന ഗാനരചയിതാവിനെ മലയാളസിനിമ തിരിച്ചറിഞ്ഞു തുടങ്ങിയത്. പിന്നീട് ആ സര്‍ഗപ്രതിഭ നമുക്ക് സമ്മാനിച്ചത് പാട്ടിന്‍റെ വസന്തമാണ്.
ഗാനങ്ങള്‍ മാത്രമല്ല സിനിമ കഥയും തിരക്കഥയും
സിനിമാ ഗാനങ്ങള്‍ മാത്രമല്ല ഗിരീഷ് പുത്തഞ്ചേരിയുടെ തൂലികയില്‍ പിറന്നത്. സിനിമകള്‍ക്ക് കഥയും അദ്ദേഹം എഴുതിയിരുന്നു. മേലേപ്പറമ്പിൽ ആൺവീട്, കിന്നരിപ്പുഴയോരം എന്നീ ഹിറ്റ് ചിത്രങ്ങൾക്കു വേണ്ടി കഥയെഴുതിയത് ആ കവി തന്നെയായിരുന്നു.
വടക്കുംനാഥൻ, പല്ലാവൂർ ദേവനാരായണൻ, ബ്രഹ്‌മരക്ഷസ് എന്നീ ചിത്രങ്ങളുടെ തിരക്കഥയും ഗിരീഷ് പുത്തഞ്ചേരിയായിരുന്നു. ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം പുത്തഞ്ചേരി സുഹൃത്തുക്കളോടൊക്കെ പങ്കുവയ്ക്കുമായിരുന്നു. സ്വന്തമായി സിനിമ സംവിധാനം ചെയ്യാനും അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. അതായിരുന്നു വടക്കുംനാഥന്‍ എന്ന മോഹന്‍ലാല്‍ ചിത്രം. . എന്നാൽ അത് സംവിധാനം ചെയ്യാനുള്ള ഭാഗ്യമുണ്ടായത് ഷാജൂൺ കാര്യാലിനായിരുന്നു.
ഇന്നും ഗീരിഷ് പുത്തഞ്ചേരിയുടെ വരികള്‍ മൂളാത്ത മലയാളികളില്ല. സൂര്യകിരീടമോ ഹരിമുരളീരവമോ പിന്നെയും പിന്നെയും, അമ്മ മഴക്കാറുമൊക്കെ പാടാത്ത മലയാളികളുണ്ടോ. അദ്ദേഹം ഭൗതിക ശരീരം വിട്ടുപോയതു പോലും ഓര്‍ക്കാനിഷ്‌ടപ്പെടാതെ അദ്ദേഹത്തിന്‍റെ പാട്ടുകള്‍ മലയാളികള്‍ ഇനിയും മൂളിക്കൊണ്ടേയിരിക്കും.









