കൊച്ചിയിൽ ഇന്ന് ജലവിതരണം തടസ്സപ്പെടും;

0
29

എറണാകുളം: കൊച്ചിയിലെ തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകർന്ന സാഹചര്യത്തിൽ ഇന്ന് നഗരത്തിൽ ജലവിതരണം തടസ്സപ്പെടും. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം നിർത്തിവയ്ക്കുന്നത്. ജലദൗർലഭ്യം നേരിടുന്ന ഇടങ്ങളിൽ കുടിവെള്ളം എത്തിക്കാൻ കൊച്ചി കോർപറേഷനും ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിനും ജില്ലാ കലക്ടർ ജി പ്രിയങ്ക നിർദേശം നൽകിയിട്ടുണ്ട്.

തകർച്ചയും അറ്റകുറ്റപ്പണികളും

നഗരത്തിലെ പ്രധാന ഭാഗങ്ങളിലേക്ക് തമ്മനത്തെ ജലസംഭരണിയിൽ നിന്നായിരുന്നു കുടിവെള്ളം എത്തിച്ചിരുന്നത്. തിങ്കളാഴ്ച പുലർച്ചെയാണ് രണ്ട് കമ്പാർട്ട്മെൻ്റുകളുള്ള സംഭരണിയുടെ ആദ്യ കമ്പാർട്ട്മെൻ്റ് തകർന്നത്. ഇരു കമ്പാർട്ട്മെൻ്റുകളെയും തമ്മിൽ വേർതിരിച്ച ശേഷമേ പമ്പിങ് പുനഃസ്ഥാപിക്കാൻ കഴിയൂ.

ഇതോടൊപ്പം രണ്ടാമത്തെ ടാങ്കിലെ ചോർച്ച കൂടി പരിഹരിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലക്കാണ് (കുസാറ്റ്) ഇതിൻ്റെ ചുമതല നൽകിയിട്ടുള്ളത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് വൈകീട്ടോടെ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം നിറയ്ക്കുന്നതിലൂടെയേ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനാകൂ.

ബുധനാഴ്ചയോടെ കുടിവെള്ള വിതരണം സാധാരണ നിലയിലാകുമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. കുടിവെള്ള വിതരണം പൂർണമായും തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാനായി, തകർന്ന കമ്പാർട്ട്മെൻ്റിൻ്റെ അറ്റകുറ്റപ്പണികൾ പിന്നീട് നടത്തിയാൽ മതിയെന്നാണ് തീരുമാനമായത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ നിർദേശ പ്രകാരം ജില്ലാ കലക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകിട്ട് ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.

സംഭരണശേഷിയും അപകട വിവരങ്ങളും

നാൽപത് വർഷത്തിലേറെ പഴക്കമുള്ളതാണ് ഈ ജലസംഭരണി. സംഭരണിയുടെ ഒരു പാളി അടർന്നു വീണതിനെ തുടർന്നാണ് വെള്ളം പുറത്തേക്ക് ഒഴുകിയത്. 1.35 കോടി ലീറ്റർ സംഭരണശേഷിയുള്ള വാട്ടർ അതോറിറ്റിയുടെ ടാങ്കാണിത്.

പുലർച്ചെ രണ്ട് മണിയോടെയാണ് ജലസംഭരണി തകർന്നത്. ഈ സമയം 1.15 കോടി ലീറ്റർ വെള്ളം സംഭരണിയിൽ ഉണ്ടായിരുന്നു. രണ്ട് അറകളുള്ള സംഭരണിയുടെ ഒരു അറയുടെ പാളിയാണ് തകർന്നത്. കൊച്ചി കോർപറേഷൻ 45-ൻ്റെ ഡിവിഷനിലാണ് ഈ ജലസംഭരണി സ്ഥിതി ചെയ്യുന്നത്.

നാശനഷ്ടങ്ങൾ

ടാങ്ക് തകർന്നതിനെ തുടർന്ന് സമീപത്തെ പത്തോളം വീടുകളിൽ വെള്ളം കയറുകയും മതിലുകൾ തകരുകയും ചെയ്തിരുന്നു. പുലർച്ചെ ആയതിനാൽ വീടുകൾക്ക് സമീപം പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഒഴുകിപ്പോവുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ജലസംഭരണിക്ക് അടുത്തുള്ള പുത്തുപാടി ഹെൽത്ത് സെൻ്ററിൽ വെള്ളം കയറി മരുന്നുകൾ ഉൾപ്പെടെ നശിച്ചുപോയിരുന്നു.

തൃപ്പൂണിത്തുറയിലേക്കും കൊച്ചി നഗരത്തിൻ്റെ പല ഭാഗങ്ങളിലേക്കും വെള്ളമെത്തിക്കുന്ന ടാങ്കാണിത്. അപകടത്തെ തുടർന്ന് ഈ സംഭരണിയിൽ നിന്ന് വെള്ളം ലഭിക്കുന്ന പ്രദേശങ്ങളിൽ തിങ്കളാഴ്ചയും ജലവിതരണം മുടങ്ങി. കാലപ്പഴക്കമുള്ള ജലസംഭരണി ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതാണ് ടാങ്ക് തകരാൻ കാരണം എന്ന വിമർശനം നാട്ടുകാർ ഉൾപ്പെടെ ഉന്നയിക്കുന്നുണ്ട്. അടിയന്തര ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ കൊച്ചി നഗരത്തിൽ ഉൾപ്പെടെ ജലക്ഷാമം അനുഭവപ്പെടാൻ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here