ശബരിമല മകരവിളക്ക് അടുത്തതോടെ പുല്ലുമേട് വഴിയുള്ള തീർഥാടകരുടെ തിരക്കിലും ഗണ്യമായ വർധന. 5000ന് അടുത്ത് തീർഥാകരാണ് ഇപ്പോൾ നിത്യേന ഈ വഴി മലയിറങ്ങി എത്തുന്നത്. കഴിഞ്ഞ ദിവസം 4898 പേരാണ് പുല്ലുമേട് വഴി മലയിറങ്ങി എത്തിയത്. മകരവിളക്ക് അടുക്കുന്നതോടെ പുല്ലുമേട് വഴിയുള്ള തീർഥാടകരുടെ എണ്ണം ഉയരും. ജനുവരി 14നാണ് ഭക്തർ കാത്തിരിക്കുന്ന മകരവിളക്ക്.
പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ പുല്ലുമേട് വഴിയുള്ള തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ വർധന. ദിവസവും 5,000ത്തോളം തീർഥാടകരാണ് പുല്ലുമേട് വഴി ശബരിമലയിലേക്ക് എത്തുന്നത്. ഈ ശബരിമല സീസണിൻ്റെ തുടക്കത്തിൽ കാര്യമായ തിരക്കില്ലാതിരുന്ന പുല്ലുമേട് പാതയിൽ ഇപ്പോൾ തീർഥാടകരുടെ തിരക്കാണ് അനുഭവപ്പെടുന്നത്. ജനുവരി 14നാണ് മകരവിളക്ക് .
കഴിഞ്ഞ ദിവസം 4898 പേരാണ് പുല്ലുമേട് വഴി മലയിറങ്ങി എത്തിയത്. കാനനഭംഗി അടുത്തറിയാൻ കഴിയുന്നതാണ് ഈ പാത തെരഞ്ഞെടുക്കാൻ തീർഥാടകരെ പ്രേരിപ്പിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കാനന പാതയിൽ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. ശാരീരിക ബുദ്ധിമുട്ട് മൂലം പ്രയാസം നേരിടുന്നവരെ സന്നിധാനത്ത് എത്തിക്കാൻ പ്രത്യേക സംഘത്തെയും ദേവസ്വം ബോർഡ് നിയോഗിച്ചിട്ടുണ്ട്.
രാവിലെ എട്ടുമുതൽ 12 മണിവരെയാണ് പുല്ലുമേട് വഴി സന്നിധാനത്തേക്ക് കടത്തിവിടുക. വനം വകുപ്പിന്റെ പൂർണ നിയന്ത്രണത്തിലാണ് ഈ പാത. പാണ്ടിത്താവളം ഉരക്കുഴി തീർഥാത്തിന് സമീപം മുഴുവൻ തീർഥാടകരും വന്നുപോയെന്ന് വനംവകുപ്പ് ദിവസവും ഉറപ്പാക്കും. ആരെങ്കിലും എത്തിപ്പെടാൻ വൈകിയെങ്കിൽ അവരെ വനംവകുപ്പ് തന്നെയാണ് നേരിട്ട് സന്നിധാനത്ത് എത്തിക്കുക.
ഇത്തവണത്തെ മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നട തുറന്നു. തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇഡി പ്രസാദ് ആണ് നടതുറന്നത്. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്നതോടെ തീർഥാടകർക്ക് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തിത്തുടങ്ങി. മണ്ഡലപൂജകൾ കഴിഞ്ഞ് ഡിസംബർ 27ന് രാത്രി പത്തിന് ഹരിവരാസനം പാടി നടയടച്ചിരുന്നു.








