വാഷിങ്ടൺ: ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറുടെ രാജിക്ക് പിന്നാലെ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഊർജ നയം, നാറ്റോയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിലെ വിയോജിപ്പുകൾ ചൂണ്ടിക്കാട്ടിയാണ് ട്രംപ് സ്റ്റാർമറെ വിമർശിച്ചത്.
വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ ക്വാണ്ടം സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട രണ്ട് എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവയ്ക്കുന്നതിനിടെയായിരുന്നു ട്രംപിൻ്റെ പ്രതികരണം. അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന വിഷയങ്ങളിലാണ് ട്രംപ് ഇപ്പോൾ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്.
ഊർജ നയത്തിലെ പാളിച്ചകൾ
ഊർജ മേഖലയിൽ ബ്രിട്ടൻ വലിയ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന് ട്രംപ് പറഞ്ഞു. ഊർജ മേഖലയെ താറുമാറാക്കിയതുകൊണ്ടാണ് താൻ സ്റ്റാർമറെ വിമർശിച്ചതെന്നും എല്ലായിടത്തും കാറ്റാടി യന്ത്രങ്ങൾ സ്ഥാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നോർത്ത് സീയിൽ വലിയ തോതിൽ എണ്ണ നിക്ഷേപമുണ്ടെങ്കിലും അവിടെ ഖനനം നടത്താൻ ആരെയും അനുവദിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. നോർത്ത് സീയുടെ മികച്ച ഭാഗം ബ്രിട്ടൻ്റെ കൈവശമാണുള്ളത്. എന്നാൽ പരിസ്ഥിതി സംരക്ഷണത്തിൻ്റെ പേരിൽ അവർ അത് ഉപയോഗപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നാറ്റോയിലെ വിയോജിപ്പുകൾ
നാറ്റോയുമായി ബന്ധപ്പെട്ട സഹകരണത്തിലും സ്റ്റാർമറുടെ സമീപനത്തെ ട്രംപ് വിമർശിച്ചു. അമേരിക്കയുമായുള്ള ഏകോപനത്തെ ബാധിക്കുന്ന തീരുമാനങ്ങളാണ് അദ്ദേഹം എടുത്തതെന്ന് ട്രംപ് ആരോപിച്ചു. നാറ്റോയുടെ കാര്യത്തിൽ അദ്ദേഹം അമേരിക്കയോട് നല്ല രീതിയിലല്ല പെരുമാറിയതെന്നും രണ്ടാഴ്ചത്തേക്ക് ദ്വീപ് ഉപയോഗിക്കാൻ കഴിയില്ലെന്ന് പറഞ്ഞത് മോശം നീക്കമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. പിന്നീട് അത് നൽകിയെന്ന് പറഞ്ഞാലും ആ തീരുമാനം അദ്ദേഹത്തെ സാരമായി ബാധിച്ചുവെന്നും എങ്കിലും അദ്ദേഹത്തിന് നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. ബ്രിട്ടൻ വലിയ ആഭ്യന്തര വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും ഊർജം, കുടിയേറ്റം, കുറ്റകൃത്യങ്ങൾ എന്നിവയാണ് പ്രധാന പ്രശ്നങ്ങളെന്നും യുഎസ് പ്രസിഡൻ്റ് ചൂണ്ടിക്കാട്ടി.
സ്റ്റാർമറുടെ രാജി
പുതിയ ലേബർ പാർട്ടി നേതാവാകാൻ ആൻഡി ബേൺഹാം രംഗത്തെത്തിയതിന് പിന്നാലെയാണ് കിയർ സ്റ്റാർമർ തൻ്റെ രാജി പ്രഖ്യാപിച്ചത്. താൻ സ്നേഹിക്കുന്ന രാജ്യത്തിന് പ്രഥമ പരിഗണന നൽകുന്നതിനാണ് ലേബർ പാർട്ടി നേതൃസ്ഥാനം രാജിവയ്ക്കുന്നതെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള സമയക്രമം നിശ്ചയിക്കാൻ ലേബർ പാർട്ടിയുടെ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയോട് ആവശ്യപ്പെടുമെന്നും സ്റ്റാർമർ അറിയിച്ചു.
ജൂലൈ ഒൻപതിന് നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കും. വേനൽക്കാല അവധിക്ക് മുൻപ് നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മത്സരം നടക്കുകയാണെങ്കിൽ സെപ്റ്റംബറിൽ പാർലമെൻ്റ് ചേരുന്നതിന് മുൻപ് പുതിയ നേതാവ് ചുമതലയേൽക്കും. അതുവരെ താൻ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നും അധികാര കൈമാറ്റം സുഗമമാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളാണ് കിയർ സ്റ്റാർമറുടെ രാജി സൃഷ്ടിച്ചിരിക്കുന്നത്.
സ്റ്റാർമർ രാജിവയ്ക്കുന്നതിന് മുൻപ് തന്നെ, കുടിയേറ്റം, ഊർജ നയം എന്നീ വിഷയങ്ങളിൽ പരാജയപ്പെട്ടതിനാൽ അദ്ദേഹം സ്ഥാനമൊഴിയുമെന്ന് ഞായറാഴ്ച ട്രംപ് അവകാശപ്പെട്ടിരുന്നു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. കുടിയേറ്റം, നോർത്ത് സീയിലെ എണ്ണ ഖനനം എന്നീ സുപ്രധാന വിഷയങ്ങളിൽ സ്റ്റാർമർ ദയനീയമായി പരാജയപ്പെട്ടുവെന്നും ട്രംപ് തൻ്റെ പോസ്റ്റിൽ കുറിച്ചിരുന്നു.







